Kottayam

കുന്നോന്നിയില്‍ വൈദ്യുതി നിലച്ചാല്‍ ഫോണും നിശ്ചലം; പരാതി നല്കി മടുത്ത് ടവറില്‍ റീത്ത് വച്ച് ഉപഭോക്താക്കള്‍

കുന്നോന്നിയില്‍ വൈദ്യുതി നിലച്ചാല്‍ ഫോണും നിശ്ചലം; പരാതി നല്കി മടുത്ത് ടവറില്‍ റീത്ത് വച്ച് ഉപഭോക്താക്കള്‍

വൈദ്യുതിബന്ധം നിലച്ചാല്‍ ആ നിമിഷം കുന്നോന്നിയിലെ ബി.എസ്.എന്‍.എല്‍. നെറ്റ്‌വര്‍ക്ക് കവറേജ് നഷ്ടമാകും. മൂന്ന് വര്‍ഷമായി സ്ഥിതി ഇതാണ്. പരാതി പറഞ്ഞ് മടുത്ത ഉപഭോക്താക്കള്‍ ടവറില്‍ റീത്ത് വച്ചും ബോര്‍ഡ് സ്ഥാപിച്ചും പ്രതിഷേധം രേഖപ്പെടുത്തി.

വൈദ്യുതി തകരാറുകള്‍ പരിഹരിക്കാന്‍ കെ.എസ്.ഇ.ബി. ലൈന്‍ ഓഫ് ചെയ്താല്‍ രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ ഫോണ്‍ നിശ്ചലമാകും. ആഴ്ചയില്‍ ഒന്നിലധികം ദിവസങ്ങളിലും തവണകളായും ലൈന്‍ ഓഫ് ചെയ്യുന്നുണ്ട്.

‘ബാറ്ററി ബാക്ക് അപ്പ്’ ഇല്ലാത്തതാണ് സംവിധാനം നിശ്ചലമാകുന്നതിന്റെ മുഖ്യ കാരണം. ‘ആനയെ വാങ്ങാം തോട്ടി വാങ്ങാന്‍ പണമില്ലാത്ത’-താണ് ബി.എസ്.എന്‍.എല്‍-ന്റെ ഇപ്പോഴത്തെ അവസ്ഥ.

ബി.എസ്.എന്‍.എല്‍.-ന്റെ വന്‍പരസ്യങ്ങള്‍ കണ്ട് മറ്റ് നെറ്റ്‌വര്‍ക്കുകളില്‍ നിന്നും ബി.എസ്.എന്‍.എല്‍-ലേക്ക് തിരിച്ചുവന്നവര്‍ക്ക് അബദ്ധം പറ്റിയിരിക്കുകയാണ്. ‘കാട്ടിലെ തടി തേവരുടെ ആന വലിയടാ വലി’ എന്ന സ്ഥിതി അധികാരികള്‍ മാറ്റണം. റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്നും ബി.എസ്.എന്‍.എല്‍. നെറ്റ്‌വര്‍ക്കിനെ ഉപേക്ഷിക്കാന്‍ ഉപയോക്താക്കള്‍ തയ്യാറെടുക്കുകയാണെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

ഉപഭോക്താക്കള്‍ ബി.എസ്.എന്‍.എലില്‍ നിന്നും പോര്‍ട്ട് ചെയ്യാന്‍ അപേക്ഷ കൊടുത്തു തുടങ്ങി. നെറ്റ്‌വര്‍ക്ക് മാറരുത് എന്ന് പറഞ്ഞ് തിരിച്ചുവിളിക്കാന്‍ തുടങ്ങി ബി.എസ്.എന്‍.എല്‍. ബാറ്ററി ബാക്ക് അപ്പ് ഉള്‍പ്പെടെയുള്ള ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മാധ്യമങ്ങളില്‍ അറിയിപ്പ് കൊടുക്കാതെ തിരികെയില്ലെന്ന് പറഞ്ഞ് ഉപഭോക്താക്കള്‍ തടിതപ്പുകയാണിപ്പോള്‍.

ബി.എസ്.എന്‍.എല്‍-നെതിരെയുള്ള കോട്ടയം ഉപഭോക്തൃകോടതിയിലുള്ള ഹര്‍ജി 08.07.2025 മുതല്‍ തുടരുകയാണ്. ഹര്‍ജി മീഡിയേഷന് വച്ചെങ്കിലും പരിഹാരം കാണാതെ തുടരുകയാണ്. പ്രസാദ് കുരുവിളയാണ് ഹര്‍ജിക്കാരന്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top