കോട്ടയം: വാക്കുതര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതിയായ ബിനീഷന്റെ കാമുകിക്ക് കൊല്ലപ്പെട്ട വിപിന്‍ മെസേജ് അയച്ചത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

വിപിന്‍ തന്റെ കാമുകിക്ക് മെസേജ് അയച്ചത് ബിനീഷ് അറിയുകയും ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ തര്‍ക്കമുണ്ടാവുകയുമായിരുന്നു. ഇത് കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. ആലപ്പുഴ കളര്‍കോട് അറയ്ക്കാക്കുഴിയില്‍ വിപിന്‍ യേശുദാസ് (29) ആണ് മരിച്ചത്.
തെക്കേക്കരയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഒരു വീടിന്റെ വെല്‍ഡിംഗ് വര്‍ക്കിന് എത്തിയതായിരുന്നു ഉപകരാറുകാരനായ വിപിനും സുഹൃത്ത് ബിനീഷും. അടുത്ത ദിവസം നടക്കുന്ന ഗൃഹപ്രവേശനത്തിന് മുന്‍പായി നടത്തിയ സല്‍ക്കാരച്ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. ഇത് പിന്നീട് കയ്യാങ്കളിയിലേക്കും കത്തിക്കുത്തിലേക്കും വഴിമാറി.

ബിനീഷിന്റെ കുത്തേറ്റ വിപിനെ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ വിവരം അറിയാതെ പരിക്കുകളുമായി ആശുപത്രിയിലെത്തിയപ്പോഴാണ് ബിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.