കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനു ശേഷം സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ വീട് കയറി നടത്തിയ ആക്രമണത്തിൽ മൂന്ന് ആർ.എസ്.എസ് – ബിജെപി നേതാക്കൾ അടക്കം ആറു പേർക്ക് വെട്ടേറ്റു.

ആർഎസ്.എസ് നേതാക്കളായ ജി.ശ്രീകുമാർ, കുറിച്ചി പഞ്ചായത്ത്് സംയോജക് വി.മനോജ്, കുറിച്ചി പഞ്ചായത്ത് അംഗവും എട്ടാം വാർഡ് സ്ഥാനാർത്ഥിയുമായ ബി.ആർ മഞ്ജീഷ് എന്നിവർ അടക്കം ആറു പേർക്കാണ് വെട്ടേറ്റത്.
ഇന്നലെ രാത്രി ഒരു മണിയോടെ പൊൻപുഴപൊക്കം ഭാഗത്തായിരുന്നു സംഘർഷം. തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിന്റെ ഭാഗമായി ഒരു സംഘം സിപിഎം പ്രവർത്തകർ വീട് കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ബിജെപി പ്രവർത്തകർ ആരോപിക്കുന്നത്.

ആക്രമണത്തിൽ ശ്രീകുമാറിന്റെ തലയ്ക്ക് പരിക്കേറ്റു. മഞ്ജീഷിന്റെ കൈഒടിഞ്ഞിട്ടുണ്ട്.തിരഞ്ഞെടുപ്പിൽ തങ്ങളുടെ നേതാവിന് എതിരെ മത്സരിക്കുമോ എന്ന് ചോദിച്ചായിരുന്നു സിപിഎമ്മിന്റെ നേതൃത്വത്തിൽ അക്രമം നടത്തിയതെന്ന് ബിജെപി നേതാക്കൾ ആരോപിക്കുന്നു.
സംഘർഷത്തിൽ പരിക്കേറ്റ ബിജെപി നേതാക്കൾ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.