പാലാ :ആൻസിക്ക് സ്ഥാനാർഥിയാവണമെന്ന് താല്പര്യമുണ്ടായിരുന്നെങ്കിൽ ഞങ്ങളോട് പറഞ്ഞാൽ പോരായിരുന്നോ ഞങ്ങൾ സ്ഥാനാർത്ഥിയാക്കിയിരുന്നേനെ .കരൂർ പഞ്ചായത്തിലെ എട്ടാം വാർഡായ പോണാട് വാർഡിൽ മത്സരിക്കുന്ന ട്വന്റി 20 സ്ഥാനാർഥി ആൻസി ജോർജ് മണപ്പാട്ട് ചടുലമായ പ്രവർത്തനങ്ങളുമായി മുന്നേറുമ്പോളാണ് ഇരു മുന്നണികളുടെയും നേതാക്കൾ ഇങ്ങനെ ആശങ്ക പെട്ടത് .

പോണാട് വാർഡിൽ മത്സരിക്കാൻ ട്വന്റി 20 സ്ഥാനാർത്ഥികളെ അന്വേഷിച്ചതൊന്നും ഇരു മുന്നണികളും അറിഞ്ഞില്ല .അതൊക്കെ രഹസ്യമാക്കി ട്വന്റി 20 പ്രാദേശിക നേതാക്കൾ വച്ചു .നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനായി ചെന്നപ്പോളാണ് പലർക്കും ഗുട്ടൻസ് പിടികിട്ടിയത്.അപ്പോൾ സ്വത സിദ്ധമായ ലാഘവത്തോടെ ഇരു മുന്നണികളും പറഞ്ഞു ഓ …കൂടി വന്നാൽ ട്വന്റി 20; 30 വോട്ടു പിടിക്കും .മുഖ്യധാരന്മാർ മൊഴിഞ്ഞു .
പക്ഷെ മണപ്പാട്ട് കുടുംബത്തിലെ ആൻസി ജോർജ് അങ്ങനെ അടങ്ങിയൊതുങ്ങി ഇരിക്കാൻ തയ്യാറല്ല .നനഞ്ഞിറങ്ങിയാൽ കുളിച്ചു കയറുക തന്നെഎന്നാണ് ജോർജ് മണപ്പാട്ടിന്റെ പക്ഷം .സ്വത സിദ്ധമായ പുഞ്ചിരിയോടെ ആൻസി വീട് വീടാന്തരം കയറിയിറങ്ങിയപ്പോൾ ആദ്യത്തെ തമാശ കളി മാറി .മുഖ്യധാരന്മാർ മൊഴിഞ്ഞു ഓ …കൂടി വന്നാൽ ഒരു നൂറ് വോട്ട് അത്രയേയുള്ളൂ.പക്ഷെ മുഖ്യധാരാ മുന്നണിക്കാർ സ്ഥാനാർത്ഥികളെ കണ്ടെത്തിയത് തന്നെ പണിപ്പെട്ടാണ്.ഓടി രക്ഷപെട്ടവരെ പിറകെ ഓടിച്ചിട്ട് പിടിച്ചെന്ന് പറഞ്ഞപോലെയായി സ്ഥാനാർത്ഥിയെ കണ്ടെത്തിയത് .

പള്ളി കമ്മിറ്റിയംഗവും ,മാതൃജ്യോതി ഭാരവാഹിയും ,അയൽക്കൂട്ടം ഭാരവാഹിയുമായൊക്കെ കഴിവും ,സംഘാടക മികവും പ്രകടിപ്പിച്ച ആൻസി പ്രചാരണ പ്രവർത്തനങ്ങളിൽ ഇപ്പോൾ തന്നെ മുന്നിലാണെന്ന് നിക്ഷ്പക്ഷ മതികളായ നാട്ടുകാർ പറയുന്നു .കൂടെ അധ്യാപികമാർ അടക്കമുള്ള ഒരു വൻ യുവജന നിര തന്നെയുണ്ട് .വനിതാ സ്ക്വഡ് വരെ രംഗത്തിറങ്ങി .ട്വന്റി 20 പാർട്ടിയുടെ ആദർശങ്ങളിൽ അടിയുറച്ച് നിന്ന് കൊണ്ടുള്ള പ്രചാരണമാണ് ആൻസിയുടേത് .ആരെയും വ്യക്തപരമായി അവഹേളിച്ചുള്ള രീതിയല്ല ഞങ്ങളുടേതെന്ന് ട്വന്റി 20 പ്രവർത്തകർ പറയുന്നു .
കിഴക്കമ്പലം മോഡൽ വികസനമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ആൻസി പറയുമ്പോൾ ,മുഖ്യ സംഘാടകരായ ജയകുമാർ കാരമുള്ളിലും ; സാബുവും അത് ശരി വയ്ക്കുന്നു .ഇപ്പോൾ മുഖ്യധാരന്മാർ പറയുന്നത് മറ്റൊന്നാണ് ആൻസിക്ക് മത്സരിക്കണമെന്നുണ്ടായിരുന്നെങ്കിൽ ഞങ്ങളോട് പറഞ്ഞാൽ മതിയായിരുന്നല്ലോ ഞങ്ങളുടെ സ്ഥാനാർഥിയായിട്ടു മത്സരിക്കാമായിരുന്നല്ലോ..?അപ്പോൾ പഴയ 30 വോട്ടിന്റെയും ;നൂറ് വോട്ടിന്റെയും കണക്കോ .അടൂർ ഭാസി പടത്തിലേതു പോലെ അതൊക്കെ അപ്പച്ചന്റെ ഒരു തമാശയല്ലേ ..? എന്നാൽ ഇത് തമാശയല്ല തികഞ്ഞ ആശയപോരാട്ടമാണെന്നാണ് ആൻസിയും ട്വന്റി 20 യും പറയുന്നത് . അവർ ലക്ഷ്യത്തിലേക്കു കുതിക്കുകയാണ്.ജന വിശ്വാസം നെഞ്ചിലേറ്റി.