തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിൽ അതിജീവിതയ്ക്ക് നോട്ടീസ് അയച്ച് പൊലീസ്. പരാതി അയച്ച മെയിൽ ഐഡിയിലേക്കാണ് തിരിച്ച് നോട്ടീസ് മെയിൽ ചെയ്തത്. മൊഴി നൽകാൻ കഴിയുന്ന സമയവും സ്ഥലവും അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. പരാതിക്കാരിയുടെ മറുപടി ലഭിച്ചാൽ ഉടൻ തന്നെ മൊഴിയെടുക്കാനാണ് നീക്കം.

ബെംഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് രാഹുലിനെതിരായ രണ്ടാമത്തെ പരാതിക്കാരി. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർക്ക് ഇവർ ഇ മെയിൽ മുഖേനയാണ് പരാതി അയച്ചത്.
കെപിസിസി അധ്യക്ഷൻ അദ്ദേഹത്തിന് ലഭിച്ച പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുകയും ഡിജിപി ഇത് രാഹുലിന്റെ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് നൽകുകയുമായിരുന്നു.

വിവാഹ വാഗ്ദാനം നൽകി, ക്രൂരപീഡനത്തിന് ഇരയാക്കി. ഗർഭം ധരിക്കാൻ നിർബന്ധിച്ചു. ഹോം സ്റ്റേയിൽ എത്തിച്ച് ക്രൂരബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് രാഹുലിനെതിരായ പരാതിയിൽ പറയുന്നത്.