തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പാലക്കാടു നിന്നും രക്ഷപ്പെട്ട ചുവന്ന പോളോ കാറിന്റെ ഉടമയായ സിനിമാ നടിയില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ തേടി. നടിയെ ഫോണില്‍ വിളിച്ചാണ് എസ്ഐടി വിശദാംശങ്ങള്‍ ആരാഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തില്‍ അടുത്ത സുഹൃത്ത് ആണെന്നാണ് നടി പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം.

നിലവില്‍ ബംഗലൂരുവിലാണ് നടിയുള്ളത്. ഏതു സാഹര്യത്തിലാണ് കാര്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കൊടുത്തതെന്ന് എസ്ഐടി ചോദിച്ചു. എംഎല്‍എ ആകുന്നതിനു മുമ്പു തന്നെ രാഹുല്‍ മാങ്കൂട്ടത്തിലുമായി പരിചയമുണ്ട്. അടുത്ത സുഹൃത്തുക്കളാണ്. അതിനാലാണ് കാര്‍ പാലക്കാട് ഇട്ടിട്ട് താന്‍ ബംഗലൂരുവിലേക്ക് പോയതെന്നും നടി പൊലീസ് സംഘത്തിന് മൊഴി നല്‍കിയതായാണ് സൂചന.
കേസെടുത്തതിന് പിന്നാലെ രാഹുല്‍ പാലക്കാടു നിന്നും മുങ്ങിയത് ചുവന്ന പോളോ കാറിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഈ കാര്‍ സിനിമാ നടിയുടേതാണെന്നും കണ്ടെത്തിയിരുന്നു. നടിയുടെ ചുവന്ന കാര്‍ പാലക്കാട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലാണ് ഉണ്ടായിരുന്നതെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.

രാഹുലിനെ രക്ഷപ്പെടാന്‍ നേതാവ് സഹായം ചെയ്തോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.