തൃശൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷപ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേവലം ഒരു ഇരയല്ല, 15 പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ 15 പെണ്‍കുട്ടികളെയും ആണ്‍കുട്ടിയേയും പീഡിപ്പിച്ചു. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തു വന്നത്. രാഹുലിന്റെ അറസ്റ്റ് വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കും. ഉന്നതരായവര്‍ രാഹുലിനെ സഹായിക്കുന്നുണ്ട്.
എംഎല്‍എക്ക് മുകളിലുള്ളവരും സഹായിക്കുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഇരകളെ പങ്കുവെച്ചിട്ടുണ്ടെന്നും ബിജെപി നേതാവ് പറഞ്ഞു. അതേസമയം, യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, അശാസ്ത്രീയമായി ഗർഭഛിദ്രത്തിന് നിർബന്ധിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

തിരുവനന്തപുരം വലിയമല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയത്. കഴിഞ്ഞദിവസം വിശദമായി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.