പാലാ: തദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം), സിപിഐ (എം), സിപിഐ കക്ഷികൾ പാലാ നിയോജക മണ്ഡലത്തിൽ സീറ്റുകൾ വീതം വച്ചെടുത്തതിൽ പ്രതിഷേധിച്ച് മറ്റു ഘടകകക്ഷികൾ. എൻസിപി ജില്ല പ്രസിഡൻ്റ് ബെന്നി മൈലാടൂർ എൽഡിഎഫ് പാലാ മണ്ഡലം തിരഞ്ഞെടുപ്പ് യോഗത്തിൽ നിന്ന് സീറ്റിനെച്ചൊല്ലി കഴിഞ്ഞ ദിവസം ഇറങ്ങിപ്പോയി. തദേശ തിരഞ്ഞെടുപ്പിലും അടുത്തു വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും ഇതിനുള്ള തിരിച്ചടി നൽകാനുള്ള ഒരുക്കത്തിലാണ് എൽഡിഎഫിലെ ചെറിയ കക്ഷികൾ.

നഗരസഭയിലും പഞ്ചായത്തുകളിലും എൻസിപി, ജനതാദൾ (എസ്), ആർജെഡി, കേരള കോൺഗ്രസ് (ബി), ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (സ്കകറിയ) തുടങ്ങിയ ഘടകകക്ഷികൾക്കൊന്നും സീറ്റ് നൽകിയില്ല. കഴിഞ്ഞ തവണ നഗരസഭ 26-ാം വാർഡിൽ എൻസിപി സ്‌ഥാനാർഥിയാണ് മത്സരിച്ച് വിജയിച്ചത്. എന്നാൽ ഇത്തവണ നഗരസഭയിൽ സീറ്റ് നൽകിയില്ല.
ഘടകകക്ഷികളെയെല്ലാം നിയോജക മണ്ഡലത്തിലൊട്ടാകെ പാടേ അവഗണിക്കുകയും ചെയ്‌തു. കനത്ത അവഗണനയിൽ പ്രതിഷേധിച്ച് ആർജെഡി പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് പീറ്റർ പന്തലാനിയുടെ ഭാര്യ ബിജി പീറ്റർ പന്തലാനി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കളത്തൂക്കടവ് ഡിവിഷനിൽ യുഡിഎഫ് സ്ഥഥാനാർഥിയായി മത്സര രംഗത്തുണ്ട്. കേരള കോൺഗ്രസ് സ്ഥാനാർഥിയായാണ് ഇവർ മത്സരിക്കുന്നത്. സിപിഎം, സിപിഐ, കേരള കോൺഗ്രസ് (എം) കക്ഷികൾ സീറ്റുകൾ വീതം വച്ചെടുത്ത് മറ്റു ഘടകകക്ഷികളെയെല്ലാം അവഗണിച്ചതിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.
