തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം കടകംപള്ളി സുരേന്ദ്രനില്‍ മാത്രം പോരായെന്നും ഇപ്പോഴത്തെ ദേവസ്വം മന്ത്രി വിഎന്‍ വാസവനിലേക്കും എത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും മാത്രം ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല. സര്‍ക്കാരിനും മന്ത്രിക്കും അറിയാവുന്ന കാര്യങ്ങളാണ് അവര്‍ ചെയ്തിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
നിലവിലെ അന്വേഷണം മന്ത്രിമാരിലേക്കും മുന്‍മന്ത്രിമാരിലേക്കും നീളണം. സ്വര്‍ണം ഇളക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോകണമെങ്കില്‍ ബോര്‍ഡ് പ്രസിഡന്റ് മാത്രം വിചാരിച്ചാല്‍ നടക്കില്ല. ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് മന്ത്രി പറയുന്നതെങ്കില്‍ സര്‍ക്കാരും മന്ത്രിയും പിന്നെയെന്തിനാണ്?.

ശബരിമല വിഗ്രഹം നാളെ മോഷ്ടിച്ചാല്‍ അത് ദേവസ്വം ബോര്‍ഡ് ആണെന്ന് പറയുകയാണെങ്കില്‍ പിന്നെ എന്തിനാണ് ദേവസ്വം മന്ത്രിയെന്നും മുരളീധരന് ചോദിച്ചു. ശബരിമലയില്‍ മുന്നൊരുക്കങ്ങള്‍ ഉള്‍പ്പടെ ചെയ്യാനാണ് മന്ത്രിയെങ്കില്‍ ഇത്തവണ അതും ഉണ്ടായില്ലെന്ന് മുരളീധരന് പരിഹസിച്ചു.