തിരുവനന്തപുരം ചിറയിൻകീഴിലെ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം. ചിറയിൻകീഴ് 17-ാം വാർഡിലെ സ്ഥാനാർത്ഥിയായ ടിന്റു ജി വിജയൻ്റെ വീടാണ് തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം.

ആക്രമണം നടന്നപ്പോൾ ടിന്റുവും അച്ഛനും അമ്മയും രണ്ട് കുട്ടികളുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ആദ്യം മുൻവശത്തെ വാതിലിനാണ് അക്രമികൾ തീയിട്ടത്.
പിന്നീട് ജനലിലൂടെ തീ വീടിനകത്തേക്ക് കൊളുത്താൻ ശ്രമിച്ചു. പുറത്തെന്തോ ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. ഹെൽമറ്റും റെയിൻ കോട്ടും ധരിച്ച രണ്ടുപേർ വീടിന്റെ പുറകിലായി തീയിടുന്നത് വീട്ടുകാർ കണ്ടിരുന്നു.

വീട്ടുകാർ ബഹളം വെച്ചതോടെയാണ് ആക്രമികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. ഇവരുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ടിന്റു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു