പാലാ :സിപിഐ ജില്ലാ നേതൃത്വത്തിന്റെയും ,ജോസ് കെ മാണിയുടെയും അവസാന നിമിഷത്തെ രക്ഷാ പ്രവർത്തനം വിജയം കണ്ടു:കരൂരിൽ ഇടഞ്ഞു നിന്ന സിപിഐ യെ മെരുക്കി അകത്താക്കി.

കരൂർ പഞ്ചായത്തിൽ സിപിഐ ക്കു ഓട്ടോ റിക്ഷയിൽ കൊള്ളാനുള്ള ആളെ ഉള്ളൂ എന്ന് ഒരുവേള സിപിഐഎം പരിഹസിച്ച ഘട്ടം വരെയുണ്ടായിരുന്നു .സിപിഐ ഒറ്റയ്ക്ക് മത്സരിക്കണമെന്ന് കൂടുതൽ പ്രവർത്തകർ തീരുമാനിച്ചിരുന്നെങ്കിലും ;ജോസ് കെ മാണിയുടെ അവസാന രക്ഷാ പ്രവർത്തനത്തിൽ കരൂർ ബ്ലോക്ക് സീറ്റ് നൽകി സിപിഐ യെ മെരുക്കുകയായിരുന്നു .
കരൂർ പഞ്ചായത്തിലെ ഏഴ് ജനറൽ സീറ്റുകളിൽ ഒരെണ്ണം തങ്ങൾക്കു വേണമെന്നാണ് സിപിഐ ആവശ്യപ്പെട്ടിരുന്നത് .രണ്ടു സംവരണ സീറ്റ് നൽകാമെന്ന് സിപിഐഎം പറഞ്ഞിരുന്നു .അതിൽ ഒന്ന് ഹരിജൻ വനിതാ സംവരണമായിരുന്നു .മുൻ കാലങ്ങളിൽ സിപിഐ ക്കു ലഭിച്ചിരുന്ന കുടക്കച്ചിറ സീറ്റ് നേരത്തെ തന്നെ സിപിഐഎം അവരുടേതാക്കിയിരുന്നു .ഇപ്രാവശ്യം കുടക്കച്ചിറ സീറ്റിനെക്കുറിച്ചുള്ള ചർച്ച പോലും വന്നിട്ടില്ല .

കരൂരിൽ ഇപ്പോൾ സീറ്റ് ചർച്ചയിൽ വിജയിച്ചിട്ടുള്ളത് സിപിഐഎം തന്നെയാണ് .ആദ്യം മുതൽ രണ്ടു സംവരണ സീറ്റ് സിപി ഐ ക്കു നൽകാമെന്നാണ് പറഞ്ഞിരുന്നത് .അത് തന്നെ ഇപ്പോഴും നൽകി .പിന്നെ കേരളാ കോൺഗ്രസിന്റെ വീതത്തിലുള്ള കരൂർ ബ്ലോക്ക് ഡിവിഷൻ നൽകുകയും ചെയ്തു.എന്നാൽ സിപിഐ യുടെ അണികൾ വ്യാപകമായി ദുഖിതരാണ് .തങ്ങൾ അപമാനിക്കപ്പെട്ടു എന്ന തോന്നലിലാണ് അണികൾ .കിട്ടിയ മൂന്നും സംവരണ വാർഡുകളാണെന്നതും അവരെ ദുഖിതരാക്കി .നേതാക്കൾക്ക് കോർപ്പറേഷനും കാറും , ബാങ്ക് ഡയറക്ടർ മെമ്പറും ;അവരുടെ ഭാര്യമാർക്കും മക്കൾക്കും ബാങ്കിലും ;കോർപ്പറേഷനുകളിലും ജോലിയും ലഭിക്കുമ്പോൾ എൽ ഡി എഫിൽ പൊട്ടും പൊടിയും വാങ്ങിച്ചു നിൽക്കുന്നതാണ് നല്ലതെന്നാണ് നേതാക്കളുടെ ചിന്ത .
കരൂർ പഞ്ചായത്തിൽ വ്യാപകമായി മുന്നണി മാറിയുള്ള രഹസ്യ നീക്കങ്ങളും തകൃതിയായി നടന്നു വരുന്നു .ഇടനാട് സീറ്റിൽ സ്വതന്ത്രനായി മത്സരിക്കുന്ന പ്രിൻസ് കുര്യത്തിനു വേണ്ടി മുന്നണിയിതര ചർച്ചകളും നടക്കുന്നുണ്ട് .കഴിഞ്ഞ തവണ ബിജെപി ബാനറിൽ വിജയിച്ച വനിതയ്ക്കായും മുന്നണിയിതര ചർച്ചകളാണ് പൊടി പൊടിക്കുന്നത്.ഇത്തവണ കരൂർ പഞ്ചായത്തിൽ രാഷ്ട്രീയ വോട്ടുകളായിരിക്കില്ല ഫലം നിർണ്ണയിക്കുന്നത് .തന്ത്രങ്ങളായിരിക്കും ഫലം നിർണ്ണയിക്കുന്നത് .പാലായിൽ 20 -ട്വന്റി മത്സരിക്കുന്ന ഏക പഞ്ചായത്തെന്ന നിലയിൽ ഫലത്തെ കാര്യമായി തന്നെ അവരുടെ നീക്കങ്ങളും സ്വാധീനിക്കും .കാര്യത്തോട് അടുക്കുമ്പോൾ 20 -ട്വന്റി എന്താണെന്ന് കരൂരുകാരും പാലാക്കാരും മനസിലാക്കാൻ ഇരിക്കുന്നതേയുള്ളൂവെന്നു 20-ട്വന്റി സംസ്ഥാന സമിതി മെമ്പർ ജയകുമാർ കാരമുള്ളിൽ കോട്ടയം മീഡിയയോട് പറഞ്ഞു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ