കാണക്കാരി ഗ്രാമ പഞ്ചായത്ത്11-)o വാർഡിലെ മുടയ്ക്കനാട്ട് റെയിൽവേ ലൈൻ റോഡിലെ വെള്ളക്കെട്ട് നാട്ടുകാർക്ക് ദുരിതമാകുന്നു. നൂറിൽ പരം കുടുംബങ്ങളിലെ കൊച്ചു കുട്ടികളടക്കം സഞ്ചരിക്കുന്ന റോഡിലൂടെ നടന്നു പോകുവാൻ പോലും കഴിയുന്നില്ലന്നും വെള്ളം കെട്ടി നിന്ന് റോഡ് തകർന്നിട്ടും നടപടി എടുക്കാൻ പഞ്ചായത്ത് അധികാരികൾ തയ്യാറാകുന്നില്ല എന്നുമാണ് ആരോപണം. പരമ്പരാഗതമായ നീർച്ചാൽ സ്വകാര്യ വ്യക്തി മതിൽ കെട്ടി അടച്ചിരുന്നതും എന്നാൽ വെള്ളം ഒഴുകി പോകുന്നതിന് മതിലിനടിയിൽ കൂടി പൈപ്പ് ഇട്ടിരുന്നതുമാണ്.

അശാസ്ത്രീയമായി റോഡിനു കിഴക്കു വശത്തെ റബ്ബർ മരം വെട്ടി സ്ഥലം നിരത്തിയപ്പോൾ പടിഞ്ഞാറു വശത്തേയ്ക്ക് ചായ്ച്ചിട്ടിരിക്കുന്നതിനാൽ അമിതമായി വെള്ളം റോഡിലേയ്ക്ക് ഒഴുകുന്നതും വെള്ളക്കെട്ടിനു കാരണമായി. ചെറുമഴയത്ത് പോലും വൻ വെള്ളക്കെട്ടാണ്. വെള്ളക്കെട്ട് രൂപപ്പെട്ടപ്പോൾ സ്വകാര്യ വ്യക്തി റോഡിൽ കല്ലുകൾ ഇറക്കി റോഡ് പൊക്കി യപ്പോൾ മതിലിനടിയിൽ കൂടി ഇട്ടിരുന്ന പൈപ്പ് മൂടിപ്പോയി അടഞ്ഞതിനാലും വെള്ളം ഒഴുകി പോകുന്നതിന് മാർഗം ഇല്ലാതായി. സ്കൂൾ കുട്ടികൾ ഉൾപ്പെടെ വെള്ളത്തിൽ കൂടി നീന്തി വേണം ഇതുവഴി പോകുവാൻ .
പലതവണ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. കഴിഞ്ഞ പഞ്ചായത്ത് ഭരണകാലത്ത് ടാറിങ് നടത്തിയ റോഡാണിത്. കുടിവെള്ളത്തിനായി പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് കുത്തി പൊളിച്ചതോടെ റോഡ് തകർന്നു. റോഡ് നന്നാക്കുന്നതിനും വെള്ളക്കെട്ടിനും പരിഹാരം ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
