തിരുവനന്തപുരം: വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ വാഹനത്തിലുണ്ടായിരുന്ന ഒരു പൊതിയെക്കുറിച്ച് ചോദിച്ചപ്പോൾ ‘ബോംബ്’ എന്ന് പരാമർശിച്ച് പരിഭ്രാന്തി സൃഷ്ടിച്ച ഡ്രൈവർ അറസ്റ്റിലായി.

കോഴിക്കോട് വടകര സ്വദേശിയായ സുജിത്ത് (44) ആണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ (സി.ഐ.എസ്.എഫ്.) പരാതിയെ തുടർന്ന് വലിയതുറ പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിന്റെ ഗേറ്റ് നമ്പർ 10-ലാണ് സംഭവം നടന്നത്.
വിമാനത്താവളത്തിന്റെ ‘എയർസൈഡ്’ ഉൾപ്പെടെയുള്ള സുരക്ഷാമേഖലയിലേക്ക് വാഹനങ്ങൾ പ്രവേശിക്കണമെങ്കിൽ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെ കർശന പരിശോധനകൾ പൂർത്തിയാക്കണം.

എയർപോർട്ടിലെ ഒരു സ്വകാര്യ കരാർ കമ്പനിയുടെ ജീവനക്കാരനാണ് അറസ്റ്റിലായ സുജിത്ത്. വിമാനത്താവളത്തിലെ അഴുക്കുചാൽ മാലിന്യം ശേഖരിക്കുന്ന വാഹനവുമായാണ് ഇയാൾ പരിശോധനക്കായി എത്തിയത്.