കടുത്തുരുത്തി: പനി ബാധിച്ച ഒമ്പതു വയസുകാരി മകള്‍ക്ക് മരുന്ന് വാങ്ങാന്‍ പോവുകയായിരുന്ന പിതാവും മകളും സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് വെള്ളമില്ലാത്ത കനാലില്‍ വീണു.

ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അരുണാശേരി ഭാഗത്ത് ഇന്നലെ വൈകുന്നേരം 4.30നാണ് അപകടം. സമീപവാസിയായ അരുണാശേരി താന്നിനില്ക്കുംതടത്തില് സന്തോഷ് (50), മകള്‍ നാലാം ക്ലാസ് വിദ്യാര്‍ഥി അല്‍ഫോന്‍സ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
വെള്ളമില്ലാഞ്ഞതും കനാലില്‍ നിറയെ പുല്ല് നിറഞ്ഞുകിടന്നതും വൻ അപകടമൊഴിവാക്കി. നാട്ടുകാരനായ ജോണിച്ചന് പൂമരത്തേല് അറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്ത് എത്തിയെങ്കിലും കാര്‍ കയറ്റാന്‍ മാര്‍ഗമില്ലാത്തതിനാല്‍ മടങ്ങി.

പിന്നീട് ക്രെയിന്‍ എത്തിച്ചു കാര്‍ കരയ്ക്കു കയറ്റി. കനാല്‍ റോഡിന്റെ വശങ്ങള് കാട് മൂടിയ അവസ്ഥയിലായതാണ് ഇവിടെ അപകടങ്ങളുണ്ടാകുന്ന തെന്ന് ജോണിച്ചന് പൂമരത്തേല് പറഞ്ഞു.