കോഴിക്കോട്: സോഷ്യല്‍ മീഡിയയിലൂടെ താന്‍ നിരന്തരം നേരിടുന്ന സൈബര്‍ ആക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി എസ്എഫ്ഐ മുന്‍ സംസ്ഥാന അധ്യക്ഷന്‍ സിന്ധു ജോയ് രംഗത്ത്.

ഇടതുപക്ഷത്തിന്റേത് എന്ന മുഖംമൂടിയണിഞ്ഞ്, ചെ ഗുവേരയുടെ മുഖ ചിത്രമൊക്കെയായി സൈബര്‍ ഇടത്തില്‍ എത്തുന്നവര്‍ക്കെതിരെ നിയമത്തിന്റെ ഏത് അറ്റം വരെയും പോകുമെന്ന് സിന്ധു ജോയ് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്കി.
ആദിത്യനെന്നും റഫീഫ് എന്നും ചില പെണ്‍കുട്ടികളുടെ പേരിലുമൊക്കെയായി വരുന്ന ചില വേതാളങ്ങളുടെ ആക്രമണം തന്നോട് വേണ്ടെന്ന് സിന്ധു തന്റെ കുറിപ്പിലൂടെ വ്യക്തമാക്കി.

നീണ്ടൊരു ഇടവേളയ്ക്കു ശേഷമാണ് ഫേസ്ബുക്കിലെ ഈ കുറിപ്പ് എന്ന് തുടങ്ങിയ കുറിപ്പിലൂടെ താന്‍ അനുഭവിക്കുന്ന സൈബര്‍ ആക്രമണത്തിന്റെ വ്യാപ്തി സിന്ധു ജോയ് വരച്ചു കാണിക്കാന്‍ ശ്രമിച്ചു. ‘ബ്രിട്ടീഷ് സിവില്‍ സര്‍വീസിലെ ഓഫീസര്‍ എന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടാനുള്ള പരിമിതി ആയിരുന്നു പ്രധാനകാരണം. വര്‍ഗീയമായും രാഷ്ട്രീയമായും പരസ്പരം പാഴ്വാക്കെറിഞ്ഞ് ആത്മരതിയടയുന്ന മുഖമില്ലാത്ത ഒരുകൂട്ടരുടെ ലാവണമായി സോഷ്യല്‍ മീഡിയ താഴ്ന്നടിഞ്ഞു പോയതാണ് രണ്ടാമത്തെ കാരണം. പൊന്തക്കാട്ടില്‍ ഒളിച്ചിരുന്ന് ഓലിയിടുന്ന കുറുക്കന്മാരെപോലെ, പകല്‍ വെളിച്ചത്തില്‍ മുഖം കാണിക്കാത്ത ചില സൃഗാലസന്തതികള്‍ ഒറ്റയ്ക്കും തെറ്റയ്ക്കും എന്റെ പേരു പറഞ്ഞ് ഇടയ്ക്കിടെ അപശബ്ദം കേള്‍പ്പിക്കും.
ആദിത്യനെന്നും റഫീഖ് എന്നും ചില പെണ്‍പേരുകളിലും ഇത്തരം വേതാളങ്ങളുടെ പ്രൊഫൈല്‍ അവതാരങ്ങള്‍. ഇവരോടൊക്കെ പ്രതികരിക്കണോ എന്ന് ചോദിച്ചേക്കാം; ക്ഷമയ്ക്കുമില്ലേ ഒരു പരിധിയൊക്കെ?’ തന്റെ കുറിപ്പിലൂടെ സിന്ധു ചോദിച്ചു.