തിരുവനന്തപുരം: പിഎം ശ്രീയിൽ ആരും അറിയാതെ പോയി ഒപ്പുവെച്ചതിനുശേഷം ആണോ മന്ത്രിസഭ ഉപസമിതി രൂപീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

ഇത് സിപിഐയെ പറ്റിക്കാനാണ്. ഇതിൽനിന്ന് മാറും എന്ന് പറയാൻ മുഖ്യമന്ത്രി ഭയക്കുന്നത് എന്തിനാണെന്നും വിഡി സതീശൻ ചോദിച്ചു. എന്ത് സമ്മർദ്ദമാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടായതെന്ന് പറയണമെന്നും വിഡി സതീശൻ പറഞ്ഞു.
സർക്കാർ നടത്തിയ ക്ഷേമ പ്രഖ്യാപനങ്ങളിലും വിഡി സതീശൻ പ്രതികരിച്ചു. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും സർക്കാർ എന്ത് കൊടുത്താലും ഞങ്ങൾ അതിനെ സ്വാഗതം ചെയ്യും. എന്നാൽ എൽഡിഎഫ് അധികാരത്തിൽ വരുംമുമ്പ് സാമൂഹ്യ സുരക്ഷ പെൻഷൻ 2500 രൂപ കൊടുക്കും എന്നാണ് പ്രഖ്യാപിച്ചിരുന്നത്.

നാലര കൊല്ലം ഇത് ചെയ്തില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 400 രൂപ കൂട്ടി. യഥാർത്ഥത്തിൽ 900 രൂപ നഷ്ടമാണ്. അങ്ങനെ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാൻ പറ്റില്ലയെന്നും വിഡി സതീശൻ വ്യക്തമാക്കി.