ശബരിമല സ്വർണകൊള്ള വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡുകളുടെ ഭരണരീതിയും സർക്കാരിന്റെ ഇടപെടലും കനത്ത വിമർശനത്തിന് വിധേയമാക്കി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്ന് ഹൈന്ദവ വിശ്വാസത്തെ തന്നെ അപമാനിക്കുന്ന തരത്തിൽ ദേവസ്വം ഭരണത്തെ അഴിമതിയിലും കൊള്ളയിലും ആഴ്ത്തിയതാണെന്ന് അദ്ദേഹം ആരോപിച്ചു.
സ്വർണക്കൊള്ള വിവാദം “അന്തമില്ലാതെ തുടരുന്നതാണ്” എന്ന് വെള്ളാപ്പള്ളി പറഞ്ഞു. മാറിമാറി ഭരിച്ച സർക്കാരുകളിൽ ഏതെങ്കിലും ഒരു സർക്കാരിനും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദേവസ്വം ബോർഡുകളിലെ ജീവനക്കാരെക്കുറിച്ചും കടുത്ത വിമർശനമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. “സർക്കാർ സംവിധാനത്തിൽ ഏറ്റവും അഴിമതിയുള്ളതും കാര്യപ്രാപ്തിയില്ലാത്തതുമായ ജീവനക്കാരുള്ളത് ദേവസ്വം ബോർഡുകളിലാണ്. സത്യസന്ധരായവർ വിരലിൽ എണ്ണാവുന്നവരാണ്,” എന്നും അദ്ദേഹം പറഞ്ഞു.