ഇടുക്കി: ഒക്ടോബർ 18-നുണ്ടായ കനത്ത മഴയെത്തുടർന്ന മഴവെള്ളപ്പാച്ചിലിൽ കൂട്ടാർ പാലത്തിന് സമീപം ഒലിച്ചുപോയ ട്രാവലറിന്റെ ദൃശ്യങ്ങൾ ഏറെ വേദനാജനകമായിരുന്നു.

ബി. റെജിന്റെ ഭാര്യ അഭിജിതയുടെ ഉടമസ്ഥതയിലുള്ള ആ വാഹനമാണ് അപകടത്തിൽ പുഴയിൽ ഒലിച്ചുപോയത്. വാഹന നഷ്ടത്തോടെ പ്രതിസന്ധിയിലായ റെജിമോന് പുതിയ പ്രതീക്ഷയായി സുഹൃത്തുക്കൾ തന്നെയാണ് താങ്ങായത്.
ബെംഗളൂരുവിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശികളായ റെജിമോന്റെ സുഹൃത്തുക്കൾ ചേർന്ന്, ഒലിച്ചുപോയ വിനായക് എന്ന ട്രാവലറിന് പകരം അതേ പേരിൽ പുതിയ 19 സീറ്റുള്ള ട്രാവലർ സ്വന്തമായി വാങ്ങി സമ്മാനിച്ചു.

നാട്ടിലെത്താൻ സാധിക്കാത്തതിനാൽ അവർ താക്കോൽ കൈമാറാനുള്ള ചുമതല നാട്ടിലുള്ള സുഹൃത്തുക്കൾക്ക് ഏൽപ്പിച്ചു. ഇന്ന് കൂട്ടാർ പാലത്തിന് സമീപം പുതിയ വാഹനത്തിന്റെ താക്കോൽ റെജിമോന് കൈമാറി.