ഇടുക്കി: അടിമാലിയിൽ മണ്ണിടിച്ചിലിൽ 45 കാരനായ ബിജു മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ്. നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല.

വിശദമായ അന്വേഷണത്തിനു ശേഷം എൻഎച്ച്എഐയെ പ്രതി ചേർക്കണോ എന്നതിൽ തീരുമാനമെടുക്കും. ദേശീയപാത നിർമാണത്തിനായി അശാസ്ത്രീയമായി മണ്ണെടുത്തതിനെ തുടർന്നാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായതെന്നാണ് ആരോപണം
കഴിഞ്ഞ ദിവസമാണ് അടിമാലി കൂമ്പൻപാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് നെടുമ്പള്ളിക്കുടിയിൽ ബിജു മരിച്ചത്. ഭാര്യ സന്ധ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്നും ബിജുവിന്റെതടക്കം 22 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു. എന്നാൽ രാത്രിയിൽ ഭക്ഷണം കഴിക്കാനായി വീട്ടിലെത്തി 20 മിനുട്ടിനകം അപകടം സംഭവിക്കുകയായിരുന്നു. രാത്രി 10.20നുണ്ടായ അപകടത്തിൽ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ഇരുവരെയും പുറത്തെടുത്തത്.

സന്ധ്യയുടെ ഇടതുകാലിനാണ് ഗുരുതര പരിക്കുള്ളത്. സന്ധ്യയ്ക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ എട്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയിരുന്നു. നിലവിൽ ഇവർ ഐസിയുവിൽ തുടരുകയാണ്.