പാലാ: പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപ്തി കുറിച്ചുകൊണ്ട് നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു തന്റെ പ്രസംഗത്തിൽ പാലാ സെന്റ് തോമസ് കോളജിന്റെ കായിക പാരമ്പര്യത്തെ കുറിച്ചും പൂർവ്വ വിദ്യാർത്ഥിയും വോളിബോൾ ഇതിഹാസവുമായ ജിമ്മി ജോർജിനെ കുറിച്ച് പരാമർശിച്ചു.

വിവിധ രംഗങ്ങളിൽ തങ്ങളുടെ കഴിവ് തെളിയിച്ച നിരവധി പൂർവവിദ്യാർത്ഥികൾ പാലാ സെന്റ് തോമസ് കോളേജിൽ ഉണ്ടെങ്കിലും ജിമ്മി ജോർജിനെ കുറിച്ച് പരാമർശിച്ചപ്പോൾ വേദിയിൽ നിന്ന് നിറഞ്ഞ കൈയ്യടികൾ നേടി. ജിമ്മി ജോർജ് 1973-76 കാലയളവിൽ പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിയായിരുന്നു. ഈ കാലയളവിൽ മൂന്നു വർഷവും കേരള യൂണിവേഴ്സിറ്റിയെ അഖിലേന്ത്യ അന്തർ സർവകലാശാല വോളിബോൾ കിരീടം നേടുന്നതിൽ അദ്ദേഹം മുഖ്യ പങ്ക് വഹിച്ചു. ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു കോളേജ് ടീം അഖിലേന്ത്യ ടൂർണമെന്റിൽ ജേതാക്കളാവുന്നത് ജിമ്മി ജോർജിന്റെ നേതൃത്വത്തിൽ പാലായിൽ നടന്ന എം.എം ജെ ട്രോഫി മറ്റു ഡിപ്പാർട്ട്മെന്റ് ടീമുകളെ പാലാ സെന്റ് തോമസ് കോളേജ് പരിചയപ്പെടുത്തിയായിരുന്നു.
ആ കാലയളവിൽ ഇന്ത്യൻ ടീമിൽ അംഗമാകുകയും കേരള പോലീസിൽ നിയമനം ലഭിക്കുകയും ചെയ്തു. തുടർന്ന് പ്രൊഫഷണൽ വോളിബോൾ ക്ലബ്ബുകളിൽ അംഗമായി വിദേശ ലീഗുകളിൽ (ഇറ്റലിയും ഗൾഫ് രാജ്യങ്ങളും ഉൾപ്പെടെ ) കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി. ഇന്ത്യൻ വോളിബോളിന്റെ ദൈവമെന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1987 നവംബർ 30ന് ഇറ്റലിയിൽ വച്ചുണ്ടായ കാർ അപകടത്തിൽ തന്റെ 32 ആം വയസ്സിൽ അദ്ദേഹം മരണപ്പെടുകയാണ് ഉണ്ടായത്. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി സെന്റ് തോമസ് കോളേജിൽ അദ്ദേഹത്തിന്റെ പേരിൽ ജിമ്മി ജോർജ് സ്റ്റേഡിയം സ്ഥാപിക്കുകയും അഖിലേന്ത്യ അന്തർ സർവകലാശാല മത്സരങ്ങൾ ഉൾപ്പെടെ നിരവധി ടൂർണമെന്റ്കൾക്ക് ഈ സ്റ്റേഡിയം വേദിയൊരുക്കുകയും ചെയ്തു. വോളിബോളിലെ അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ അദ്ദേഹത്തിന് പത്മശ്രീയും പരമോന്നത കായിക ബഹുമതിയായ അർജുന അവാർഡും നൽകി ആദരിച്ചു.

ജിമ്മി ജോർജിനെ കുറിച്ചുള്ള രാഷ്ട്രപതിയുടെ വാക്കുകൾ പാലായിലെ കായികമേഖലയ്ക്കും വിശേഷാൽ കേരളത്തിലെ കായിക മേഖലയ്ക്കുമുള്ള അംഗീകാരമായാണ് കായിക പ്രേമികൾ കാണുന്നത്