മുന്നണി വിപുലീകരണത്തെക്കുറിച്ച് ആലോചിച്ചില്ലെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പും ബാലികയറാ മലയാകുമോയെന്ന ആശങ്ക യുഡിഎഫില്‍ ശക്തമാകുന്നു. നിലവിലുള്ള രീതിവച്ചുകൊണ്ട് ഭരണം തിരിച്ചുപിടിക്കുക ദുഷ്‌കരമാകും എന്നാണ് മുന്നണിയിലെ ഘടകകക്ഷിയിലെ ഒരു വിഭാഗം ഉള്‍പ്പെടെ വിലയിരുത്തുന്നത്.

ഇത്തവണയെങ്കിലും ഭരണത്തില്‍ എത്താനായില്ലെങ്കില്‍ യുഡിഎഫിന്‍റെ നിലനിൽപ് തന്നെ അപകടത്തിലാകുമെന്ന ആശങ്കയും ഇവര്‍ക്കിടയില്‍ ബലപ്പെടുകയാണ്. ജോസ് കെ മാണിയുടെ കേരള കോൺഗ്രസിനെ കൊണ്ടുവരുക എന്നതാണ് എല്ലാവരുടെയും മനസിലെങ്കിലും അത് ഉടനെങ്ങും നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
നിലവില്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും എന്ന നിലയില്‍ മാത്രമാണ് യുഡിഎഫ്. കേരള കോണ്‍ഗ്രസ് (ജോസഫ്) ഉണ്ടെങ്കില്‍പോലും അത്ര ശക്തമല്ല. കേരളത്തിന്‍റെ ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച്, രണ്ടു കക്ഷികളെ വച്ച് ഭരണം പിടിക്കുക എന്നത് പ്രായോഗികമല്ല എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. മുന്നണി വിപുലീകരണം അനിവാര്യമാണെന്ന് ഘടകകക്ഷികളില്‍ നിന്നുള്‍പ്പെടെ ആവശ്യം ഉയരുമ്പോള്‍, ഈ നിലയില്‍ മുന്നോട്ടുപോയാല്‍ മതിയെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍റെ നിലപാട്. നിലവിലെ സാഹചര്യത്തിൽ വിപുലീകരണത്തിന് ഇറങ്ങിത്തിരിച്ചിട്ട് നടക്കാതെ വന്നാൽ യുഡിഎഫിന് ആത്മവിശ്വാസക്കുറവ് എന്ന പ്രതീതിയുമാകും

ഭരണം പിടിക്കണമെങ്കില്‍ യുഡിഎഫിന് 71 സീറ്റ് അനിവാര്യമാണ്. നിലമ്പൂര്‍ കൂടി ജയിച്ചതോടെ 43 സീറ്റാണ് യുഡിഎഫിന് ഇപ്പോൾ നിയമസഭയിലുള്ളത്. അതില്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തിൽ പാർട്ടിയിൽ നിന്നു സസ്പെൻഷനിലാണ്. അതായത്, 30 സീറ്റുകള്‍ കൂടിയെങ്കിലും അധികമായി നേടിയാല്‍ മാത്രമേ ഭരണം തിരിച്ചുപിടിക്കാനാകൂ. കോണ്‍ഗ്രസും ലീഗും കേരള കോണ്‍ഗ്രസ് ജോസഫ്, ജേക്കബ് ഗ്രൂപ്പുകളും മാത്രം വച്ചുകൊണ്ട് ഇത് സാദ്ധ്യമാകുമോയെന്ന ചോദ്യം മുന്നണിക്കുള്ളില്‍ ശക്തമാണ്. സീറ്റുകള്‍ കൊണ്ടുവരുന്നതിനായി ലീഗും കോണ്‍ഗ്രസും കഴിഞ്ഞ് ശക്തമായ മറ്റൊരുകക്ഷി ഇല്ല എന്നതാണ് മുന്നണിയെ വലയ്ക്കുന്നത്.
നിലവില്‍ ലീഗിന് 15 സീറ്റും കോണ്‍ഗ്രസിന് 22 സീറ്റുമാണുള്ളത്. ജോസഫ്, ജേക്കബ് ഗ്രൂപ്പുകള്‍ക്കും ആര്‍എംപിക്കും മാണി സി. കാപ്പനും ഓരോ സീറ്റ് മാത്രം. ലീഗിന്‍റെ സീറ്റ് 15ല്‍ നിന്നും 20 ആകുമെന്ന് കണക്കാക്കിയാലും, കോണ്‍ഗ്രസ് ഇപ്പോഴത്തേതിൽ നിന്ന് അധികമായി 25 സീറ്റെങ്കിലും ജയിച്ചാല്‍ മാത്രമേ ഭരണം പിടിക്കാനാകൂ. എന്നാല്‍, 2001ലെ തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസിന് അത്തരത്തിലൊരു വിജയം കേരളത്തില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിനു മുന്നോടിയായി മുന്നണി വിപുലീകരണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിക്കണം എന്നാണ് മുന്നണിക്കുള്ളിൽ പൊതുവിലുള്ള അഭിപ്രായം.