Kerala

മോഷണത്തിനിടെ പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയ സംഭവം; ചികിത്സയിലായിരുന്ന ആശാപ്രവര്‍ത്തക മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കീഴ്‌വായ്പൂരില്‍ അയല്‍വാസി തീകൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ആശാപ്രവര്‍ത്തകയായിരുന്ന പുളിമല വീട്ടില്‍ ലതാകുമാരി(62)യാണ് മരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ലത. കഴിഞ്ഞ ദിവസം രാത്രിയാണ് ലത മരിച്ചത്. ഒക്ടോബര്‍ പത്തിനാണ് ലതയുടെ വീടിന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ സുമയ്യ സുബൈര്‍(30) ഇവരെ തീകൊളുത്തിയത്. ഇവര്‍ റിമാന്‍ഡിലാണ്.

കോയിപ്രം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്റെ ഭാര്യയാണ് പ്രതി സുമയ്യ. പൊലീസ് ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. ഓണ്‍ലൈന്‍ വായ്പാ ആപ്പുകളിലും ഓഹരി വ്യാപാരങ്ങളിലും ഇവര്‍ സജീവമായിരുന്നു. ഭര്‍ത്താവ് അറിയാതെയായിരുന്നു ഓണ്‍ലൈന്‍ ഇടപാടുകള്‍. അന്‍പതുലക്ഷത്തോളം രൂപയുടെ നഷ്ടം വന്നതോടെ കടംവീട്ടാന്‍ വഴി തേടുകയായിരുന്നു സുമയ്യ.

അങ്ങനെയാണ് ക്വാര്‍ട്ടേഴ്‌സിനടുത്ത് താമസിക്കുകയായിരുന്ന സുഹൃത്തുകൂടിയായ ലതയോട് ഒരുലക്ഷം രൂപ വായ്പ ചോദിച്ചത്. ഇത് കിട്ടാതെ വന്നതോടെ സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ലത അതിനും തയാറായില്ല. ഇതോടെ കവര്‍ച്ചയ്ക്ക് പദ്ധതി തയാറാക്കി.

മുമ്പുണ്ടായ പക്ഷാഘാതത്തിന്റെ ഫലമായി ലതയ്ക്ക് ആരോഗ്യക്കുറവുണ്ടായിരുന്നു. ഇതിനാല്‍ തന്നെ ബലപ്രയോഗത്താല്‍ ലതയെ കീഴ്‌പ്പെടുത്താമെന്നായിരുന്നു സുമയ്യയുടെ കണക്കുകൂട്ടല്‍. വ്യാഴാഴ്ച വൈകിട്ട് നാലരയോടെ ഏഴുമാസം പ്രായമുള്ള ഇളയകുട്ടിയുമായി സുമയ്യ പുളിമല വീട്ടിലെത്തി. ലതയുടെ ഭര്‍ത്താവ് കീഴ്വായ്പൂരില്‍ ജനസേവാകേന്ദ്രം നടത്തുന്ന രാമന്‍കുട്ടി ആ സമയം വീട്ടിലില്ലായിരുന്നു. കുട്ടിയെ അടുത്ത മുറിയില്‍ കിടത്തിയ ശേഷം ലതയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി.

പിന്നീട് കെട്ടിയിട്ട് സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുത്തു. തുടര്‍ന്ന് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. പിന്നാലെ കുഞ്ഞുമായി തിരികെ ക്വാര്‍ട്ടേഴ്‌സിലെത്തി മൂത്തമകനെയും കൂട്ടി പൊലീസ് സ്റ്റേഷന് സമീപമുള്ള മറ്റൊരു വീട്ടിലേക്ക് പോയി അവിടെ താമസമാക്കി. മുറിക്കുള്ളില്‍ തീപടര്‍ന്നപ്പോഴേക്കും ലത സാഹസികമായി പുറത്തിറങ്ങി അടുത്ത വീട്ടില്‍ ചെന്ന് അഭയം തേടിയിരുന്നു. അവിടെ നിന്ന് മല്ലപ്പള്ളി സ്വകാര്യാശുപത്രിയിലെത്തി ചികിത്സതേടി. പൊലീസെത്തി നടത്തിയ മൊഴിയെടുപ്പില്‍ സുമയ്യയാണ് തീകൊളുത്തിയതെന്ന് ലത മൊഴി നല്‍കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top