India

ബാങ്കുകൾക്ക് ലയന കാലം വരുന്നു

2047ല്‍ ഇന്ത്യ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേയ്‌ക്കെത്തുമ്പോള്‍ ആഗോള തലത്തില്‍ മുന്‍പന്തിയിലുള്ള ആദ്യ 20 ബാങ്കുകളില്‍ രണ്ടെണ്ണം ഇന്ത്യയില്‍ നിന്നാകണമെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്‌പ്പാണ് ഇപ്പോള്‍ സജീവമാകുന്നത്.

മോദി സര്‍ക്കാര്‍ ആദ്യം അധികാരമേല്‍ക്കുമ്പോള്‍ 20 ലേറെ ദേശസാല്‍കൃത ബാങ്കുകള്‍ ഇന്ത്യയിലുണ്ടായിരുന്നു. 2017ലും 2020ലുമായി നടന്ന രണ്ട് ലയന നടപടികളിലൂടെ അവയുടെ എണ്ണം 12 എണ്ണമായി ചുരുങ്ങി. പുതിയ ലയനനീക്കത്തിലൂടെ ഈ 12 ബാങ്കുകള്‍ ചുരുങ്ങി ഇനി 3 ആകുമെന്നാണ് സൂചന. ഇതു സംബന്ധിച്ച ധനമന്ത്രാലയത്തിന്റെ നിര്‍ദേശം ഈ സാമ്പത്തിക വര്‍ഷം തന്നെ നടപ്പാക്കാന്‍ നടപടികള്‍ തുടങ്ങുമെന്ന് അറിയുന്നു.

ബാങ്കുകളെ സംയോജിപ്പിച്ച് അവയുടെ വലുപ്പവും ആഗോളമത്സരക്ഷമതയും മെച്ചപ്പെടുത്തി, ലോകത്തെ ആദ്യ 20 മുന്‍നിര ബാങ്കുകളുടെ ഗണത്തിലേക്ക് ഇന്ത്യയിലെ രണ്ടു പൊതുമേഖലാ ബാങ്കുകളെയെങ്കിലും കൊണ്ടുവരണമെന്ന നിര്‍ദേശമാണ് ഈ നീക്കത്തിനു പിന്നില്‍. എസ്ബിഐ, പഞ്ചാബ് നാഷനല്‍ ബാങ്ക്, കനറാ ബാങ്ക് എന്നിവയിലേക്കു മറ്റു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍.

ബാങ്ക് ഓഫ് മഹാരാഷ്‌ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയെ എസ്ബിഐയില്‍ ലയിപ്പിച്ചേക്കും. ബാങ്ക് ഓഫ് ബറോഡ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവ പഞ്ചാബ് നാഷനല്‍ ബാങ്കിനോടും യൂണിയന്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ കനറാ ബാങ്കിനോടും ലയിപ്പിക്കാനാണ് ആലോചിക്കുന്നത്.

ഇതോടെ വമ്പന്‍ പദ്ധതികള്‍ക്ക് ഉള്‍പ്പെടെ വായ്‌പ നല്‍കാനും മറ്റും ഈ 3 ബാങ്കുകള്‍ക്കും കഴിയും. ബാങ്ക് ആസ്തിയില്‍ ലോകത്തെ പ്രമുഖ 50 ബാങ്കുകളുടെ പട്ടികയില്‍ 43-ാം സ്ഥാനമാണ് എസ്ബിഐക്കുള്ളത്. ഈ വിഭാഗത്തില്‍ ആദ്യ 4 ബാങ്കുകളും ചൈനയുടേതാണ്.

2017ല്‍ ആണു ബാങ്കുകളുടെ ലയനം ആദ്യം നടപ്പാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പടെയുള്ള സ്റ്റേറ്റ് ബാങ്ക് സബിസിഡിയറികളും, മഹിളാ ബാങ്കും അന്ന് എസ്ബിഐയില്‍ ലയിച്ചു. 2020ല്‍ ബാങ്കുകളുടെ ലയനത്തിലൂടെ 27 പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top