ന്യൂഡൽഹി: ഡൽഹി മെട്രോയെക്കുറിച്ചുള്ള പല വാർത്തകളും അനുഭവങ്ങളും സമൂഹ മാധ്യമങ്ങളിൽ പലരും പങ്കുവെക്കാറുണ്ട്.

അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയാണ് മെട്രോയിൽ വെച്ച് സീറ്റിന് വേണ്ടി തല്ലുകൂടുന്ന രണ്ട് പുരുഷന്മാരുടെ ദൃശ്യങ്ങൾ. ആദ്യം തർക്കത്തിലാണ് ഇരുവരുടെയും വഴക്ക് ആരംഭിക്കുന്നതെങ്കിൽ പിന്നീട് ഇത് കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. മെട്രോയിനിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഒരു സാധാരണ വഴക്ക് മിനിറ്റുകൾക്കുള്ളിൽ അടിപിടിയിലേക്ക് നീങ്ങുകയായിരുന്നു.

സീറ്റിനു വേണ്ടി ഒരാൾ മറ്റേയാളെ തള്ളിമാറ്റുന്നതും എതിരെ നിന്ന യുവാവിനെ തറയിലേക്ക് ചവിട്ടി തള്ളിയിടുകയും ചെയ്യുന്നുണ്ട്. തറയിൽ വീണ യുവാവ് ഇയാളെ എതിരിട്ടതോടെ വഴക്ക് രൂക്ഷമാകുകയും ചവിട്ടിയ ആളുടെ മുടിയിൽ മറ്റൊരു യുവാവ് പിടിച്ച് വലിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.