കർണാടകയിലെ ഹോസ്പേട്ടിൽ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ തളർന്നുകിടന്നയാളെ കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം ഇരുചക്രവാഹനത്തിൽ വെച്ച് കാറിടിപ്പിച്ച് അപകടമരണമാണെന്ന് വരുത്തിത്തീർക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 5.2 കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ആയിരുന്നു സംഘത്തിന്റെ ഈ ക്രൂരത.

ഹോസ്പേട്ടിലെ കൗൾപേട്ട് സ്വദേശിയായ ഗംഗാധർ (34) ആണ് കൊല്ലപ്പെട്ടത്. 5.2 കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസി യുവാവിന് ഉണ്ടെന്ന് മനസിലായ സംഘം ഈ തുക കൈക്കലാക്കാൻ പദ്ധതിയിടുകയായിരുന്നു. പദ്ധതിയുടെ ഭാഗമായി അവർ യുവാവിനെ കൊലപ്പെടുത്തുകയും മൃതദേഹം നഗരത്തിന് പുറത്തെത്തിച്ച് ഒരു ഇരുചക്രവാഹനത്തിൽ വെക്കുകയും, അതൊരു കാർ ഉപയോഗിച്ച് ഇടിപ്പിക്കുകയുമായിരുന്നു. ഇത് ഒരു അപകടമരണമാണെന്ന് ഇൻഷുറൻസ് കമ്പനിയെ വിശ്വസിപ്പിക്കാനായിരുന്നു ഈ ശ്രമം.
സെപ്റ്റംബർ 28 ന് പുലർച്ചെ 5.30 ന് ആയിരുന്നു സംഭവം. സന്ദൂർ റോഡിൽ വാഹനം ഇടിച്ചിട്ട് നിർത്താതെ പോയ അപകടം നടന്നതായും ഒരു മൃതദേഹം കിടക്കുന്നതായും പോലീസിന് വിവരം ലഭിച്ചുവെന്ന് വിജയനഗര എസ്പി എസ്. ജാഹ്നവി പറഞ്ഞു. പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞതിനെത്തുടർന്ന്, അദ്ദേഹത്തിന്റെ ഭാര്യ ശാരദമ്മയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും അവർ പരാതി നൽകുകയും ചെയ്തു.

ഗംഗാധറുമായി ആറു വർഷം മുൻപാണ് തന്റെ വിവാഹം കഴിഞ്ഞതെന്നും, മൂന്നു വർഷം മുൻപുണ്ടായ പക്ഷാഘാതത്തെ തുടർന്ന് അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഇടതുഭാഗം തളർന്നുപോയെന്നും ഭാര്യ ശാരദമ്മ പോലീസിനോട് പറഞ്ഞു. ഗംഗാധറിന് സ്വന്തമായി ഒരു ഇരുചക്ര വാഹനം പോലും ഉണ്ടായിരുന്നില്ല എന്ന മൊഴിയാണ് അപകടമരണമെന്ന വാദത്തിൽ സംശയമുണ്ടാക്കിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ, പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ പോലീസ് കേസ് തെളിയിച്ചു. ഗംഗാധറിന്റെ ഭാര്യയായി അഭിനയിച്ച ഹുലിഗെമ്മ ഉൾപ്പെടെ ആറംഗ സംഘത്തെയും അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാറും ഇരുചക്രവാഹനും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഘത്തിലെ ഒരു വനിതാ അംഗം ഗംഗാധറിന്റെ ഭാര്യയായി ചമഞ്ഞ് ഇൻഷുറൻസ് തുകയ്ക്കായി അപേക്ഷ നൽകിയിരുന്നു.