ജയ്പൂര്‍: രാജസ്ഥാനില്‍ ചുമ മരുന്ന് കഴിച്ച് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ സികാര്‍ ജില്ലയില്‍ നിന്നുള്ള നിതീഷ്(5), സാമ്രാട്ട്(2) എന്നിവരാണ് ചുമ മരുന്ന് കഴിച്ചതിന് പിന്നാലെ മരിച്ചത്.

സംഭവത്തില്‍ പത്തോളം പേര്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. രാജസ്ഥാനിലെ ഗ്രാമത്തിലുള്ള കമ്മ്യൂണിറ്റി സെന്ററിലെ ഡോക്ടറായ താരാചന്ദ് യോഗിയാണ് മരുന്ന് കുറിച്ച് നല്‍കിയത്. മരുന്ന് സുരക്ഷിതമാണെന്ന് കാണിക്കുന്നതിനായി ഒരു ഡോസ് കഴിച്ച ഡോക്ടറും അബോധാവസ്ഥയിലായിരുന്നു.
തിങ്കളാഴ്ച്ചയായിരുന്നു നിതീഷ് എന്ന കുട്ടി മരിച്ചത്. ഡെക്‌സ്‌ട്രോമെതോര്‍ഫന്‍ ഹൈഡ്രോബ്രൊമൈഡ് എന്ന സംയുക്തം അടങ്ങിയ മരുന്നായിരുന്നു കുഞ്ഞിന് നല്‍കിയത്. മരുന്ന് കഴിച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം തന്നെ കുട്ടി മരിക്കുകയായിരുന്നു. കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്നതായി മാതാപിതാക്കള്‍ അറിയിച്ചു.

നിതീഷിന്റെ മരണവാര്‍ത്ത പുറത്തുവന്നതോടെ തങ്ങളുടെ കുഞ്ഞ് മരിച്ചതും സമാന കാരണത്താലാണെന്ന് വ്യക്തമാക്കി സാമ്രാട്ടിന്റെ ബന്ധുക്കളും രംഗത്തെത്തുകയായിരുന്നു. ഏതാനും ആഴ്ച്ചകള്‍ക്ക് മുന്നെയായിരുന്നു സാമ്രാട്ട് മരണപ്പെട്ടത്.