ആലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തില്‍ മുഷ്ടി ചുരുട്ടി ‘സ്വാമിയേ ശരണമയ്യപ്പാ’ എന്ന് വിളിച്ച സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെതിരെ മുന്‍ മന്ത്രിയും സിപിഐഎം മുതിര്‍ന്ന നേതാവുമായ ജി സുധാകരന്.

മൈക്കിന് മുന്നില്‍ വന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ശരണം അയ്യപ്പാ എന്ന് വിളിക്കേണ്ട കാര്യമില്ല. ഒരു പൊതുയോഗത്തില്‍ സ്വാമി അയ്യപ്പാ എന്ന് എന്തിനാണ് വിളിക്കുന്നത്?.
ഇത് ആരെ കാണിക്കാനാണ്?. ഇത്തരത്തിലുള്ള നടപടി ശരിയല്ല. ആ പദവിക്ക് പറ്റിയ പക്വതയല്ല അതെന്നും ജി സുധാകരന് പറഞ്ഞു.

വളരെ സൂക്ഷിച്ച് ചെയ്യേണ്ട കാര്യമാണത്. ഈ സ്ഥാനത്ത് വരുന്നവരെ സൂക്ഷിച്ച് തെരഞ്ഞെടുക്കണം. താന്‍ മന്ത്രിയായിരുന്ന കാലത്ത് തിരുവനന്തപുരം സ്വദേശിയായ ഒരു വക്കീല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ഇരുന്നു. എത്ര പെര്‍ഫെക്ട് ആയിരുന്നു.
പാര്‍ട്ടിക്കാരനായിരുന്നു എന്നത് ശരിയാണ്. എന്നാലും അദ്ദേഹത്തിനെതിരെ ഒരു ആരോപണം പോലും വന്നില്ല. ഭാരവാഹികളായി വരുന്നവരുടെ അപക്വത ഒരു പ്രശ്നമാണ്. ഇത് വിശ്വാസത്തിന്റെ പ്രശ്നമാണ്, സൂക്ഷിച്ചു കൈകാര്യം ചെയ്യണം. സത്യം, നീതി, അഴിമതിരാഹിത്യം ഉണ്ടാകണമെന്നും ജി സുധാകരന് പറഞ്ഞു