തിരുവനന്തപുരം: ലോകസ്ഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കൊലവിളിയില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി.

രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ് ഇതെന്നും ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്നും കെ സി വേണുഗോപാല്‍ ഫേസ്ബുക്കിൽ കുറിച്ചു.
‘പരസ്യമായി ടെലിവിഷന്‍ ചാനലില്‍ വന്നിരുന്ന് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെതിരെ വധഭീഷണി മുഴക്കിയിരിക്കുകയാണ് ബിജെപി നേതാവ്, അതും കേരളത്തില്‍. രാഹുല്‍ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട പായിക്കാനായി കാത്തിരിക്കുന്ന സംഘപരിവാറിന്റെ ദംഷ്ട്രകളുള്ള മുഖമാണ് ഒരിക്കല്‍ക്കൂടി ഇവിടെ വെളിവാകുന്നത്.

ഇവിടെ കൊലവിളി നടത്തിയിരിക്കുന്നത് ബിജെപിയുടെ സംസ്ഥാന വക്താവാണ്. മഹാത്മാവിന്റെ നെഞ്ചിലേക്ക് വെടിയുണ്ട പായിച്ച നാഥുറാം ഗോഡ്സെയുടെ മാനസിക നിലയില്‍ നിന്ന് ഇന്നേവരെ കരകയറിട്ടില്ലാത്ത സംഘപരിവാറിന്റെ മറ്റൊരു നാവാണിയാള്‍’, കെ സി വേണുഗോപാൽ പറഞ്ഞു.