വീട്ടിൽ നിന്ന് പണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് ഉത്തർപ്രദേശിൽ 13 വയസുകാരിയായ മകളെ അച്ഛൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.

സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ സോന(13)ത്തിനെയാണ് പിതാവ് അജയ് ശർമ്മ(40) കൊലപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
അനുപ്ഷഹർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു പാലത്തിനടിയിലെ കുറ്റിക്കാട്ടിൽ സ്കൂൾ യൂണിഫോമിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി വ്യാഴാഴ്ച സ്കൂളിൽ പോയിരുന്നതായും സ്കൂൾ കഴിഞ്ഞ് പിതാവ് അജയ് ശർമ്മ കൂട്ടിക്കൊണ്ടുപോയതായും വിവരം ലഭിച്ചു.

ഇതിനെ തുടർന്ന് പിതാവിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. പെൺകുട്ടിയെ സ്കൂളിൽ നിന്ന് കൂട്ടിയ ശേഷം അയാൾ ഒരു വയലിലേക്ക് കൊണ്ടുപോവുകയും സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒരു കനാലിലേക്ക് വലിച്ചെറിയുകയും ചെയ്തതായി വെളിപ്പെടുത്തി. കുട്ടിയുടെ സ്കൂൾ ബാഗ് വയലിൽ നിന്ന് കണ്ടെടുത്തിരുന്നു.