പാക്കിസ്ഥാനെതിരായ മത്സരത്തിന് പിന്നാലെ നടന്ന വാർത്താ സമ്മേളനത്തില്‍ പഹല്‍ഗാം ആക്രമണത്തെക്കുറിച്ച് പരാമർശിച്ച ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് എതിരെ ഐ സി സിയുടെ നടപടി.

പാക്കിസ്ഥാനെതിരായ ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ജയം പഹല്‍ഗാം ആക്രമണത്തില്‍ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് സമർപ്പിക്കുന്നതായി സൂര്യകുമാർ യാദവ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഐ സി സി നടപടി എന്ന് വാർത്താ ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു.
സൂര്യകുമാർ യാദവിന്റെ പരാമർശത്തിന് എതിരെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐ സി സിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ സൂര്യകുമാർ യാദവില്‍ നിന്ന് ഐ സി സി പാനല്‍ വിശദീകരണം തേടി. മാച്ച് ഫീയുടെ 30% സൂര്യകുമാറിന് പിഴയായി വിധിച്ചിരിക്കുന്നത് എന്നാണ് പി ടി ഐ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യക്കെതിരായ ഐ സി സി വിധിക്കെതിരെ ഇന്ത്യ അപ്പീല്‍ നല്‍കിയതായും പി ടി ഐയുടെ റിപ്പോർട്ടില്‍ പറയുന്നു.

രാഷ്ട്രീയമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് സൂര്യകുമാര്‍ യാദവിനോട് മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സണ്‍ നിർദേശം നല്‍കിയിരുന്നു. എന്നാല്‍ പഹല്‍ഗാമിനെ കുറിച്ച് പറയാതിരിക്കാൻ ഇന്ത്യൻ ക്യാപ്റ്റനായില്ല. പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും ഇന്ത്യന്‍ സേനയ്ക്കുമായി ഈ ജയം സമര്‍പ്പിക്കുകയാണെന്ന് സൂര്യ പറഞ്ഞു.
സൂര്യകുമാർ യാദവിന്റെ വിശദീകരണം കേട്ട ശേഷമാണ് ഐ സി സി നടപടിയെടുത്തിരിക്കുന്നത്. സൂര്യകുമാർ യാദവിനെതിരെ രണ്ട് പരാതികള്‍ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നല്‍കിയതായി മാച്ച് റഫറി ഇന്ത്യൻ ടീം മാനേജ്മെന്റിനെ അറിയിച്ചിരുന്നു. സൂര്യക്കെതിരെ തെളിവുകളും പാക്കിസ്ഥാൻ ഐ സി സിക്ക് നല്‍കി.