കുട്ടികളുടെ സാഹിത്യോത്സവം അക്ഷരക്കൂട്ട് ഉദ്ഘാടനം ചെയ്ത് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. നമ്മുടെ പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയൊരു ചരിത്ര സംഭവത്തിന് തുടക്കം കുറിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇന്ന് ഒത്തുചേര്‍ന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവനയ്ക്കും സര്‍ഗ്ഗാത്മകതയ്ക്കും ചിറകുകള് നല്കുന്ന ഒരു പുതിയ പദ്ധതിക്ക് നാം തുടക്കമിടുകയാണ് – കുട്ടികളുടെ സാഹിത്യോത്സവം.
പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ എഴുതി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ ഒരു പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് ഞാന്‍ മുന്‍പ് സൂചിപ്പിച്ചിരുന്നു. ഒന്നാം ക്ലാസ്സുകാരായ കുരുന്നുകളുടെ ഡയറിക്കുറിപ്പുകള്‍ എഡിറ്റ് ചെയ്ത് ‘കുരുന്നെഴുത്തുകള്‍’ എന്ന പേരില്‍ വകുപ്പ് ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചപ്പോള്‍ ലഭിച്ച പ്രതികരണം വളരെ വലുതായിരുന്നു.

ആ സമയത്താണ് നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി ഒരു സംസ്ഥാനതല പുസ്തകോത്സവം സംഘടിപ്പിക്കണമെന്ന ചിന്തയുണ്ടായത്. ആ ആശയത്തെ കൂടുതല്‍ വിപുലീകരിച്ചാണ് ‘കുട്ടികളുടെ സാഹിത്യോത്സവം’ എന്ന ഈ വലിയ പരിപാടിക്ക് നാം ഇന്ന് രൂപം നല്‍കിയിരിക്കുന്നത്.