
പാലാ: കത്തോലിക്ക സമുദായം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ കത്തോലിക്കാ കോൺഗ്രസ് അംഗങ്ങൾ ഒന്നിച്ചു നിൽക്കണമെന്നും അല്ലാത്തപക്ഷം സമുദായത്തിന് നിലനിൽപ്പില്ലെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ.
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ പാലാ രൂപതയിലെ യൂണിറ്റ്, ഫൊറോന, രൂപതാ ഭാരവാഹികൾക്കായി “സമുദായ ശാക്തികരണം രാഷ്ട്ര പുരോഗതിക്ക് ” എന്ന വിഷയം ആസ്പദമാക്കി നടത്തിയ നേതൃത്വ പരിശീലന ശിൽപ്പശാല ഭരണങ്ങാനം മാതൃഭവനിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാകണം. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ അതിരുകടക്കുന്നു. ന്യൂനപക്ഷ അവകാശങ്ങൾ ധ്വംസിക്കപ്പെടുന്നു. റബ്ബർ ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങൾ വില തകർച്ച നേരിടുന്നു. പ്രതിസന്ധികളിൽ സമുദായം ഒന്നിച്ചു നിൽക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് നേതൃയോഗം വിലയിരുത്തി.
രൂപത പ്രസിഡൻ്റ് ഇമ്മാനുവേൽ നിധീരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ആമുഖ സന്ദേശം നൽകി. തുടർന്ന് നടന്ന പരിശീലന ക്ലാസ്സുകൾക്ക് ഡോ. പീറ്റർ എം, ഗ്ലോബൽ ജനറൽ സെക്രട്ടറി പ്രൊഫ. ജോസുകുട്ടി ഒഴുകയിൽ എന്നിവർ നേതൃത്വം നൽകി.
ഗ്ലോബൽ ഭാരവാഹികളായ അഡ്വ. ടോണി പുഞ്ചക്കുന്നേൽ,ശ്രീമതി ആൻസമ്മ സാബു, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ രൂപതാ ഭാരവാഹികളായ ജോസ് വട്ടുകുളം, ജോയി കെ മാത്യു, സി. എം. ജോർജ്, പയസ് കവളംമാക്കൽ, ജോൺസൺ ചെറുവള്ളി, ടോമി കണ്ണിറ്റുമ്യലിൽ,ബെന്നി കിണറ്റുകര, രാജേഷ് പാറയിൽ, ജോബിൻ പുതിയിടത്തുചാലിൽ, എഡ്വിൻ പാമ്പാറ, ലിബി മണിമല, അരുൺ പോൾ, ക്ലിൻറ് അരീപ്ലാക്കൽ തുടങ്ങിയവർ സംസാരിച്ചു
