
സെപ്റ്റംബർ 13 നു ജീവൻ രക്ഷാ സ്വിമ്മിംഗ് (JRS) അക്കാദമിയും എമെർജിങ്ങ് വൈക്കവും ചേർന്നൊരുക്കുന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ശ്രമത്തിൽ പങ്കെടുക്കാൻ ഒരുങ്ങി അംഗൻവാടി കുട്ടിയായ മൂന്നര വയസ്സുകാരി ചിന്നു എന്നു വിളിക്കുന്ന കൊച്ചു മിടുക്കി എസ്തേറും.
നാളെ വൈക്കം ബോട്ട് ജെട്ടിക്കു സമീപം വേമ്പനാട്ട് കായലിലാണ് ലോക റിക്കാർഡിലേക്ക് നീന്തിക്കയറുന്നതിനുള്ള പ്രകടനം നടക്കുന്നത്. ഇതിന്റെ ഭാഗമായി അഞ്ചു കിലോമീറ്റർ ദീർഘദൂര നീന്തലാണു എസ്തേർ നടത്തുന്നത്.
കഴിഞ്ഞ മാസം കൊല്ലത്ത് വെച്ചു നടന്ന ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ച് അഷ്ടമുടി കായൽ നീന്തി കടന്ന വീഡിയോ ഒരു കോടിയിൽ അധികം ആളുകൾ ഇൻസ്റ്റാഗ്രാമിൽ കണ്ടു കഴിഞ്ഞു.

ഫ്രീഡം ഫെസ്റ്റിൽ ബെസ്റ്റ് സ്വിമ്മർ അവാർഡു കരസ്ഥമാക്കിയാണ് എസ്തേർ ഗിന്നസ് വേൾഡ് റെക്കോർഡ് ശ്രമത്തിനായി വേമ്പനാട്ട് കായലിൽ ഇറങ്ങുന്നത്.
ചിങ്ങവനം സ്വദേശികളായ കൃഷ്ണകുമാർ – ക്രിസ്റ്റീന ദമ്പതികളുടെ മകളാണ്. ഒരു വയസ്സുള്ള സഹോദരൻ എസ്രയും ഉണ്ട്.
കുമ്മനം മീനച്ചിലാറിലെ ജീവൻ രക്ഷാ അക്കാദമിയിലാണ് പരിശീലനം. അക്കാദമിയിലെ ഗ്രാൻഡ് മാസ്റ്ററും തുറമുഖ വകുപ്പിന് കീഴിലുള്ള റെസ്ക്യൂ ടീം ലീഡറുമായ അബ്ദുൾ കലാം ആസാദാണ് പരിശീലകൻ.