പാലാ :പി സി തോമസ് കേരളാ കോൺഗ്രസ് (എം) എം പി ആയിരുന്നപ്പോഴാണ് പാലായിലെ പൊതു ശ്മശാനം ഇന്നത്തെ രീതിയിൽ ആയത്.അന്ന് ഉദ്‌ഘാടനത്തിനു കെ എം മാണിയും ,പി സി തോമസും അന്നത്തെ ചെയർമാൻ ജോസ് പടിഞ്ഞാറേക്കരയും എത്തിയിരുന്നു.നിറഞ്ഞ സദസ്സിൽ വച്ച് ബ്ലൂമൂൺ നാരായണൻ അടുപ്പക്കാരോടായി അന്ന് പറഞ്ഞു .ഞാൻ മരിച്ചാൽ എന്റെ സംസ്ക്കാരം ഇവിടെയായിരിക്കണം .

അന്ന് ബ്ലൂമൂൺ നാരായണൻ പറഞ്ഞ വാക്കുകൾ മക്കൾ ഇന്ന് പാലിക്കുകയാണ്.പാലാ പൊതു ശ്മശാനത്തിലാണ് ബ്ലൂമൂൺ നാരായണന്റെ സംസ്ക്കാര കർമ്മങ്ങൾ നടക്കുക.എളിമയിൽ നിന്നും ഉയർന്നു വന്ന അതുല്യ പ്രതിഭയായിരുന്നു ബ്ലൂ മൂൺ നാരായണൻ.എല്ലാവരോടും സൗമ്യമായേ പെരുമാറുകയുള്ളൂ.സൗമ്യതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.ബ്ലൂമൂണിനെ പ്രശസ്തിയിലേക്കുയർത്താൻ വളരെയേറെ കഷ്ട്ടപ്പെട്ടിരുന്നു ഈ കഠിനാധ്വാനി.ഒരു കാലത്ത് ബ്ലൂമൂൺ രാവിലെ അഞ്ചു മണിക്ക് തന്നെ തുറക്കുമായിരുന്നു .രാവേറെ ചെല്ലുമ്പോഴാണ് അടയ്ക്കാറുള്ളത്.
കെ എം മാണിയുമായി കടുത്ത ആത്മബന്ധം സൂക്ഷിച്ചിരുന്നു കൊച്ചുവേലിക്കകത്ത് നാരായണൻ(73) .മാണി സാറിന്റെ ഭക്ഷണം എപ്പോഴും ബ്ലൂമൂണിൽ നിന്നുമായിരുന്നു .അത് കൊണ്ടുപോയി നാരായണൻ തന്നെ വിളമ്പിയാലേ മാണി സാറിനും;കുട്ടിയമ്മ മാണിക്കും തൃപ്തി ആവുകയുള്ളൂ.നാട്ടിലെ വിവരങ്ങൾ മുഴുവൻ ആ വിളമ്പുന്ന സമയത്ത് മാണി സാറിൽ വിളമ്പുമായിരുന്നു നാരായണൻ .രണ്ടിലയുടെ തമ്പുരാന് സദ്യയോടൊപ്പം നാട്ടു വാർത്താ സദ്യയും ഒരുക്കി നൽകുമായിരുന്നു ബ്ലൂമൂൺ നാരായണൻ.നാരായണന്റെ വേർ പാടിൽ കുട്ടിയമ്മ മാണി കടുത്ത ദുഃഖം രേഖപ്പെടുത്തി.ഒരു കുടുംബാംഗം നഷ്ടപെട്ടത് പോലെ എന്ന് ജോസ് കെ മാണിയും അനുശോചനം രേഖപ്പെടുത്തി.

ഇന്നലെ രാവിലെ പാലാ ടൗണിൽ വച്ച് നാരായണൻ ഓടിച്ചിരുന്ന സ്‌കൂട്ടറിൽ കാർ വന്നിടിക്കുകയായിരുന്നു.കാരിത്താസ് ആശുപത്രിയിൽ വച്ച് വൈകുന്നേരമായിരുന്നു മരണം .ഇന്ന് വൈകുന്നേരത്തോടെ ഭൗതീക ശരീരം വലവൂരുള്ള ഭവനത്തിൽ കൊണ്ട് വരും.നാളെ വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെ കർമ്മങ്ങൾക്ക് ശേഷം പാലാ പൊതു ശ്മശാനത്തിൽ സംസ്ക്കാരം നടക്കും .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ