കഠ്മണ്ഡു∙ സമൂഹമാധ്യമങ്ങള്‍ നിരോധിച്ച നടപടിയ്ക്കെതിരെ യുവജനങ്ങളുടെ പ്രക്ഷോഭം രൂക്ഷമായതോടെ നിരോധനം നീക്കി സർക്കാർ. യുവാക്കൾ പ്രക്ഷോഭത്തിൽ നിന്ന് പിന്‍മാറണം എന്ന് സർക്കാർ അഭ്യർഥിച്ചു.

കലാപം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. കലാപത്തിൽ 19പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
യൂണിഫോമണിഞ്ഞ സ്കൂൾ വിദ്യാർഥികളടക്കം ആയിരങ്ങൾ കഠ്‌മണ്ഡുവിൽ പാർലമെന്റ് മന്ദിരത്തിലേക്കു നടത്തിയ പ്രതിഷേധമാർച്ച് കഴിഞ്ഞ ദിവസം അക്രമാസക്തമായിരുന്നു. പ്രക്ഷോഭം നേരിടാൻ കഠ്‌മണ്ഡുവിൽ സൈന്യമിറങ്ങി.

വാട്സാപ്, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, എക്സ്, യുട്യൂബ് എന്നിവയടക്കം 26 സമൂഹമാധ്യമ സൈറ്റുകളാണ് കഴിഞ്ഞ വ്യാഴാഴ്ച സർക്കാർ നിരോധിച്ചത്. ഐടി, വാർത്താവിനിമയ മന്ത്രാലയത്തിൽ സൈറ്റുകൾ റജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ പാലിക്കാതെ വന്നതോടെയാണു നടപടിയെടുത്തത്.