തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് മെമ്പർ ശ്രീജയുടെ മരണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കുടുംബം.

ശ്രീജയുടെ മരണം സംബന്ധിച്ച കേസിലെ പൊലീസ് അനാസ്ഥ കാണിച്ചാകും പരാതി നൽകുക. കേസ് അന്വേഷണം പൊലീസ് അട്ടിമറിക്കുന്നു എന്ന ആരോപണവും കുടുംബം ഉയർത്തുന്നുണ്ട്. ഇതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പൊലീസ് സ്റ്റേഷൻ മാർച്ചും നടത്തും.
ശ്രീജ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. 26-ന് രാവിലെയാണ് ശ്രീജയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺമക്കളുടെ വിവാഹ ആവശ്യത്തിന് പലരിൽ നിന്നായി വാങ്ങിയ 20 ലക്ഷത്തോളം രൂപയുടെ കടം ശ്രീജയ്ക്ക് ഉണ്ടായിരുന്നു.

കെഎസ്എഫ്ഇയിൽ നിന്ന് ലോൺ എടുത്ത് കടം വീട്ടാൻ കുടുംബം തീരുമാനിച്ചിരുന്നു.