കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയാ സെല്‍ കോര്‍ഡിനേറ്റര്‍ താരാ ടോജോ അലക്‌സ്.

രാഹുലിനെ രാവണനോട് ഉപമിച്ചാണ് താരയുടെ പരോക്ഷ വിമര്‍ശനം. എത്ര അലക്കി വെളുപ്പിച്ചാലും രാവണന്‍ ക്രൂരനായ സ്ത്രീലമ്പടനാണെന്ന സത്യം രാമായണം വായിച്ചവര്‍ക്കും കേട്ടവര്‍ക്കും അറിയാം. അടിസ്ഥാനപരമായ സ്വഭാവദോഷം കൊണ്ടാണ് മറ്റുപലഗുണങ്ങള്‍ ഉണ്ടായിരുന്നിട്ടും രാവണന്‍ വീണുപോയതെന്നും താര വിമര്‍ശിച്ചു.
രാവണന്റെ ഭാഗത്ത് ന്യായമില്ലായിരുന്നു എന്ന് എത്ര മറച്ചാലും വെളിച്ചത്തുവന്നിരിക്കും എന്നും താര ടോജോ അലക്‌സ് ഫേസ്ബുക്കില്‍ കുറിച്ചു. നായകന്റെ മൂലകഥ വെളിപ്പെട്ടു വന്ന് നാട്ടുകാര്‍ അറിഞ്ഞതിലും ജാഗരൂകരായതിലും സന്തോഷം മാത്രമെന്നും താരാ ടോജോ കുറിച്ചു. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതടക്കം ഗുരുതരമായ ഫോണ്‍ സംഭാഷണങ്ങളും ചാറ്റുകളും പുറത്തുവന്നതിന് പിന്നാലെ രാഹുലിനെ വിമര്‍ശിച്ച് നേരത്തെയും താര രംഗത്തെത്തിയിരുന്നു.
