തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

രാഹുലിന്റെ വിഷയത്തില്‍ കോണ്‍ഗ്രസാണ് നിലപാട് സ്വീകരിക്കേണ്ടത് എന്നായിരുന്നു ആദ്യഘട്ടം മുതല്‍ തന്റെ പ്രതികരണമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ അടിഞ്ഞുകൂടിയ ജീര്‍ണത ഒരു മഴ പോലെ പുറത്തുവന്നത് ഇപ്പോഴാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന് മറ്റെന്തൊക്കെയോ അറിയാം. അതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്നതെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം മൊത്തത്തില്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയാണ്. എന്നാല്‍ ഇപ്പോള്‍ പറഞ്ഞ് കേള്‍ക്കുന്നത് സസ്‌പെന്‍ഷനില്‍ ആ പ്രശ്‌നം അവസാനിപ്പിക്കാം എന്നാണ്. ഇതുപൊലെ ഒരു സംഭവം ലോക ചരിത്രത്തില്‍ ആദ്യമാണ്. ഇത് ക്രിമിനല്‍ വാസനയോടെ നടത്തിയ ലൈംഗീകാതിക്രമമാണ്. ഇതില്‍ പാര്‍ട്ടി ഭേദമന്യേ കേരളത്തില്‍ എല്ലാവരും ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്.’ എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
