ലണ്ടൻ: യുകെയിലെ ഇന്ത്യൻ വംശജനായ വ്യവസായിയും മനുഷ്യസ്നേഹിയും ആയിരുന്ന സ്വരാജ് പോൾ (94) അന്തരിച്ചു. ലണ്ടനിൽ വ്യാഴാഴ്ച വൈകുന്നേരം ആയിരുന്നു അന്ത്യമെന്ന് കുടുംബത്തെ കുറിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കപാറോ ഗ്രൂപ്പിന്റെ സ്ഥാപകനാണ്. മരണ സമയത്ത് കുടുംബാംഗങ്ങൾ അടുത്തുണ്ടായിരുന്നു. ബ്രിട്ടൻ പ്രഭു സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. ഭാര്യ പരേതയായ അരുണ പോൾ. അദ്ദേഹത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചിട്ടുണ്ട്. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
സ്വരാജ് പോളിന്റെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, വ്യവസായം, മറ്റു മനുഷ്യരോടുള്ള സ്നേഹം, യുകെയിലെ പൊതു സേവനം എന്നീ മേഖലകളിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളെ സ്മരിച്ചു. ഇന്ത്യ – യുകെ ബന്ധം ശക്തിപ്പെടുത്താൻ സ്വരാജ് പോൾ നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം ഉയർത്തിക്കാട്ടുകയും ചെയ്തു.
