Politics

30 ദിവസം ജയിലിൽ കഴിഞ്ഞാൽ :അമിത്ഷാ ബില്ലവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം ബില്ലു കീറിയെറിഞ്ഞു :പുകഴ്ത്തലുമായി ശശി തരൂർ

ന്യൂഡൽഹി:അഞ്ചുവർഷമോ അതിൽകൂടുതലോ ശിക്ഷ ലഭിക്കുന്ന കുറ്റത്തിന് അറസ്റ്റിലായി, 30 ദിവസം ജയിലിൽ കഴിഞ്ഞാൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ള മന്ത്രിമാരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന വിവാദ ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിയിൽ. ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചത്.

ബില്ലവതരണത്തിന് പിന്നാലെ അതിനാടകീയ രംഗങ്ങൾക്കാണ് ലോക്സഭ സാക്ഷ്യം വഹിച്ചത്. ബില്ല് അമിത് ഷായ്ക്ക് നേരെ കീറിയെറിഞ്ഞ് പ്രതിപക്ഷം പ്രതിഷേധിച്ചു. ഈ ബില്ല് ഭരണഘടനയ്ക്ക് വിരുദ്ധമാണ്. അടിസ്ഥാന തത്വങ്ങൾക്ക് നിരക്കാത്തതാണ്. പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ബില്ലാണ് ഇതെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്ല് ജെപിസിയുടെ പരിഗണനയ്ക്ക് വിടുമെന്നാണ് അമിത് ഷാ ലോക്സഭയിൽ അറിയിച്ചത്. ജെപിസിയിൽ വിശദമായ ചർച്ചയാകാമെന്ന് അദ്ദേഹം ബില്ലവതരിപ്പിച്ച ശേഷം പറഞ്ഞു. എന്നാൽ ബില്ലിനെതിരേ വൻ പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നത്.

പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ, അസദുദ്ദീൻ ഒവൈസി, എൻ.കെ. പ്രേമചന്ദ്രൻ, മനീഷ് തിവാരി അടക്കമുള്ള പ്രതിപക്ഷ പാർട്ടി നേതാക്കൾ ബില്ലിനെ എതിർത്ത് സംസാരിച്ചു. ബില്ല് ജെപിസിയുടെ പരിഗണനയ്ക്ക് വിടുന്നതിനാൽ വിശദമായ ചർച്ചയുടെ ആവശ്യമില്ലെന്ന നിലപാടാണ് സർക്കാർ സഭയിൽ സ്വീകരിച്ചത്.

നാളെ നിങ്ങൾക്ക് ഏത് മുഖ്യമന്ത്രിമാർക്കെതിരേയും എന്ത് തരത്തിലുള്ള കേസും ചുമത്താൻ സാധിക്കും. ശിക്ഷിക്കാതെ തന്നെ മുപ്പത് ദിവസത്തേക്ക് അറസ്റ്റും ചെയ്യാം. അങ്ങനെ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനാകും. ഇത് തികച്ചും ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവും നിർഭാഗ്യകരവുമാണ്- പ്രിയങ്കാ ഗാന്ധി പറഞ്ഞു.

രാജ്യത്തെ ‘പോലീസ് രാഷ്ട്ര’മാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി പറഞ്ഞു. ബില്ല് ഭരണഘടനാ വിരുദ്ധമാണ്. പ്രധാനമന്ത്രിയെ ആര് അറസ്റ്റ് ചെയ്യു? ഈ ബില്ലിനെ എതിർക്കും. അധികാരം ശാശ്വതമല്ലെന്ന് ബിജെപി മറക്കുകയാണെന്നും ഒവൈസി പറഞ്ഞു.

യാതൊരു ഉത്തരവാദിത്വവുമില്ലാതെ അധികാരവും സമ്പത്തും സ്വരൂപിക്കുന്നതിലാണ് സർക്കാർ താത്പര്യമെന്നും സ്വേച്ഛാധിപത്യ മനോഭാവത്തെ ശക്തമായി അപലപിക്കുന്നുവെന്നുവെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി എക്സിൽ കുറിച്ചു.

അതേസമയം കോൺഗ്രസ് നേതാവ് ശശി തരൂർ നേരത്തെ ബില്ലിനെ അനുകൂലിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. ഇത് കോൺഗ്രസിനകത്ത് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള നടപടികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ടുള്ള പ്രസ്താവനകൾക്ക് ശേഷം കോൺഗ്രസിൽ നിന്ന് നീരസം നേരിടുന്നതിനിടെയാണ് വീണ്ടും പാർട്ടി നിലപാടിൽനിന്ന് വ്യത്യസ്തമായ അഭിപ്രായം ശശി തരൂർ ബുധനാഴ്ച രേഖപ്പെടുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top