ശബരിമല: ശബരിമലയില്‍ ചെരിപ്പിട്ട് കയറിയ പൊലീസുകാരനെ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി. ചിങ്ങമാസപൂജയ്ക്ക് നട തുറന്നപ്പോള്‍ സോപാനത്തിന് സമീപം ചെരിപ്പിട്ട് പൊലീസുകാരന്‍ എത്തിയിരുന്നു. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.

മഴ പെയ്തുകിടന്നതിനാല്‍ ചെരിപ്പുമായി ഓടി സന്നിധാനത്തേക്ക് കയറുകയായിരുന്നെന്നും, ചെരിപ്പ് അഴിച്ചുമാറ്റാന്‍ മറന്നുപോയെന്നുമാണ് പൊലീസുകാരന്റെ വിശദീകരണം.
അയ്യപ്പഭക്തരില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ ചിത്രം എടുത്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. തിരുവനന്തപുരം എസ്എപി ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷിനെയാണ് ക്യാപിലേക്ക് തിരിച്ചയച്ചത്. ശനിയാഴ്ച രാത്രി 8.45-നാണ് സംഭവം.

അറിയാതെ പറ്റിയതാണെങ്കിലും പൊലീസ് ഈ വിഷയം ഗൗരവമായാണെടുത്തത്. അച്ചടക്കലംഘനമായി കണക്കാക്കി അന്വേഷണത്തിന് ശബരിമല പൊലീസ് ചീഫ് കോ-ഓര്‍ഡിനേറ്ററായ എഡിജിപി എസ്. ശ്രീജിത്ത് ഉത്തരവിട്ടു.