തിരുവനന്തപുരം: ഒഡിഷയിൽ നിന്നും കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തിയ രണ്ട് പേരെ തിരുവനന്തപുരത്ത് പൊലീസിൻ്റെ ഡാൻസാഫ് സംഘം പിടികൂടി.

വിഴിഞ്ഞം പിറവിളാകം കാവുവിള സ്വദേശി രാജു(48) നെ വിഴിഞ്ഞത്ത് നിന്നും തെരുവ് മൈത്രി മൻസിലിൽ നാസുമുദീൻ (50) നെ ബാലരാമപുരത്ത് നിന്നും ആണ് പൊലീസ് പിടികൂടിയത്. രാജുവിൻ്റെ ചുമലിൽ തൂക്കിയിട്ടിരുന്ന ബാഗിൽ നിന്ന് 4.2 കിലോ കഞ്ചാവും നാസുമുദ്ദീൻ്റെ കൈയ്യിലുണ്ടായിരുന്ന ബാഗിൽ നിന്ന് 2.5 കിലോ കഞ്ചാവും ആണ് പൊലീസ് പിടികൂടിയത്.
ഒഡിഷയിൽ നിന്നും കഞ്ചാവ് വാങ്ങിയ ഇരുവരും ട്രെയിനിലാണ് തിരുവനന്തപുരത്തേക്ക് വന്നത്. തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം രണ്ട് പേരും രണ്ട് ബസുകളിലായി യാത്ര തുടർന്നു. സംശയം തോന്നാതിരിക്കാനായിരുന്നു ഈ രീതിയിൽ യാത്ര ചെയ്തതെന്ന് പൊലീസ് പറയുന്നു.

നാസുമുദ്ദീൻ ബാലരാമപുരത്തും രാജു വിഴിഞ്ഞത്തുമാണ് ബസിറങ്ങിയത്. നാസുമുദ്ദീനെ ബാലരാമപുരത്ത് വച്ച് പിടികൂടിയതിന് പിന്നാലെയാണ് രാജുവിനെ വിഴിഞ്ഞത്ത് റംസാൻകുളം റോഡിലൂടെ നടന്നു പോകും വഴി പിടികൂടിയത്.