ഇന്ന് ചിങ്ങം ഒന്ന്. കര്‍ഷകദിനം. ഒട്ടേറെ പ്രതീക്ഷകളുമായി കര്‍ഷകര്‍ കാത്തിരുന്ന പുതുവര്‍ഷം. ഇക്കുറി കാലാവസ്ഥ അനുകൂലമായപ്പോള്‍ പാടങ്ങള്‍ വിളഞ്ഞു. പൊന്നിന്‍ചിങ്ങത്തെ കണികണ്ട് പുതിയ നാളുകളിലേക്ക് പ്രവേശിക്കുകയാണ് ഒരോ കര്‍ഷകനും. ദാരിദ്ര്യവും ദുരിതവും മാത്രം വിതക്കുന്ന പഞ്ഞമാസമത്തെ കര്‍ഷകര്‍ കള്ളകര്‍ക്കിടകം എന്ന് പേരിട്ട് വിളിച്ചു. തൊട്ട് പിന്നാലെ എത്തുന്നതാണ് പ്രത്യാശയുടെ പൊന്നിന്‍ ചിങ്ങം. പാടത്ത് നിറഞ്ഞ പൊന്‍കതിരുകളാണ് ഈ പുതു വര്‍ഷത്തെ വരവേല്‍ക്കുന്നത്. അവിടുന്ന് അങ്ങോട്ട് ഒരോ കര്‍ഷകനും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും നാളുകളായിരുന്നു.

ഈ വർഷത്തെ ചിങ്ങം ഒന്നിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കൊല്ലവർഷത്തിലെ പുതിയ നൂറ്റാണ്ടിന്റെ തുടക്കം കൂടിയാണ് ഇന്ന്. കൊല്ലവർഷം 1201 ആരംഭിക്കുന്നത് ഇന്നാണ്. കൊല്ലവർഷത്തിലെ പന്ത്രണ്ടാം നൂറ്റാണ്ടിന് ഇന്നലെ അവസാനമായി. ഇന്ന് പുലരുന്നത് കൊല്ലവർഷത്തിലെ പതിമൂന്നാം നൂറ്റാണ്ടിലേക്കാണ്.
ദാരിദ്ര്യത്തിന്റെയും കർക്കടകവും പെരുമഴയും പിന്നിട്ട് വിവിധ കാർഷികവിളകളുടെ വിളവെടുപ്പുകാലമായ പുതുവർഷമെത്തുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. മാത്രമല്ല ഓണാഘോഷത്തിന്റെ തിരക്കുകളിലേക്ക് നീങ്ങുകയാണ് ഇനി ഒരോ മലയാളികളും.

എഡി 825–ലാണു കൊല്ലവർഷത്തിന് തുടക്കമായത്. ചിങ്ങത്തിൽ തുടങ്ങി കർക്കടകത്തിൽ അവസാനിക്കുന്ന മലയാളവർഷം എഡി 825 ജൂലൈ 25 ചൊവ്വാഴ്ച ആരംഭിച്ചതായി ‘ആൻ ഇന്ത്യൻ എഫെമെറീസ്’ എന്ന ആധികാരിക ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വേണാട് രാജാവായിരുന്ന ഉദയ മാർത്താണ്ഡവർമയാണു കൊല്ലവർഷത്തിനു തുടക്കമിട്ടതെന്നും ശങ്കരാചാര്യർ തുടങ്ങിവച്ചതാണെന്നും സപ്‌തർഷി വർഷത്തിന്റെ വകഭേദമാണെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. മറ്റു വാദങ്ങളുമുണ്ട്.
1834 വരെ തിരുവിതാംകൂറിലെ സർക്കാർ രേഖകളിൽ കൊല്ലവർഷമാണ് ഉപയോഗിച്ചിരുന്നത്. ബ്രിട്ടിഷ് ഭരണത്തിലേക്കു മാറിയതോടെ ഇംഗ്ലിഷ് വർഷത്തിലേക്കു മാറി.
എല്ലാ വായനക്കാർക്കും ചിങ്ങം ഒന്നിന്റെ മംഗളാശംസകൾ നേരുന്നു