തൃശൂര്‍: കലക്ട്രേറ്റില്‍ റവന്യൂ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി വാഗ്ദാനം ചെയ്ത് വരവൂര്‍ സ്വദേശിനിയില്‍നിന്നും പണം തട്ടിയ കേസില്‍ പ്രതി പിടിയില്‍. ചേലക്കര തൊണ്ണൂര്‍ക്കര സ്വദേശി വടക്കേതില്‍ വീട്ടില്‍ അജിത്തിനെയാണ് (46) അന്വേഷണ സംഘം പിടികൂടിയത്. റീസര്‍വേ ഓഫീസര്‍ എന്ന പോസ്റ്റില്‍ താല്‍ക്കാലിക ജോലി വാഗ്ദാനം ചെയ്ത് 40000 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.

2023 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. എംപ്ലോയ്മെന്റിലേക്ക് ജോലി സംബന്ധമായ അന്വേഷണത്തിന് പോയ വരവൂര്‍ സ്വദേശിനിയെ പരിചയപ്പെട്ട പ്രതി കലക്ട്രേറ്റില്‍ റവന്യൂ ഡിപ്പാര്‍ട്ട്മെന്റിലേക്ക് ജോലിക്കാരെ നിയമിക്കുന്നുണ്ടെന്ന് പറഞ്ഞ് നമ്ബര്‍ കൈമാറുകയായിരുന്നു. ഇയാള്‍ കഴുത്തില്‍ കേരള ഗവണ്മെന്റിന്റെ ടാഗ് ഇട്ടിരുന്നു.
കലക്ട്രേറ്റിലാണ് ജോലിയെന്നു പറഞ്ഞതിനാല്‍ യുവതി സംശയിച്ചില്ല. തുടര്‍ന്ന് സ്വര്‍ണം പണയം വച്ച് കിട്ടിയ പണവുമായി ഓഫീസിലെത്തി പ്രതിക്ക് 35000 രൂപ നൽകി. പിന്നീട് ഇയാള്‍ 5000 രൂപ കൂടി ആവശ്യപ്പെട്ടു. ഇത് വടക്കാഞ്ചേരിയിലെത്തി നല്‍കുകയായിരുന്നു.
