കൊട്ടാരക്കര: എംസി റോഡില്‍ കൊട്ടാരക്കര ഇഞ്ചക്കാട്ട് കാറപകടത്തില്‍ യുവാവ് മരിച്ചു. പുത്തൂർ വൈശാഖത്തില്‍ അനു വൈശാഖ് (26) ആണ് മരിച്ചത്. കാർ ഇലട്രിക് പോസ്റ്റ് തകർത്ത് തോട്ടിലേക്ക് മറിയുകയായിരുന്നു.

തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെ കൊട്ടാരക്കര ഭാഗത്തുനിന്ന് അടൂർ ഭാഗത്തേക്ക് പോകുന്നവഴി എംസി റോഡില്‍ ഇഞ്ചക്കാട് കോടിയാട്ട് ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. രണ്ടു ഇലട്രിക് പോസ്റ്റുകളും ക്ഷേത്രത്തിന്റെ ബോർഡുകളിലും ഇടിച്ച ശേഷം കാർ തോടിന്റെ വശത്തേക്ക് മറിയുകയായിരുന്നു.
ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും വഴിയാത്രക്കാരും കാർ വെട്ടിപ്പൊളിച്ചാണ് ഗുരുതരമായി പരിക്കേറ്റ അനുവിനെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

അപകടത്തെ തുടർന്ന് രാത്രി രണ്ടു മണിമുതല്‍ പ്രദേശത്ത് വൈദ്യുതി തടസ്സപ്പെട്ടു. അപകടത്തില്‍ ഒരു ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടന്ന് കെഎസ്‌ഇബി അറിയിച്ചു.