കൊച്ചി: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരണവുമായി യാക്കോബായ സഭ നിരണം ഭദ്രാസന മെതാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.

കേവലം ക്രിസ്ത്യാനികളെയോ കത്തോലിക്കരെയോ മാത്രം ബാധിക്കുന്ന വിഷമല്ലിതെന്നും ഭരണഘടന അനുവദിച്ചുതരുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നതെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ഭരണഘടന നിലനില്ക്കപ്പെടണമെന്നും സംരക്ഷിക്കപ്പെടണമെന്നും ജനാധിപത്യവും മതേതരത്വവും മതസ്വാതന്ത്ര്യവും ഇവിടെ നിലനില്ക്കണമെന്നും ആഗ്രഹിക്കുന്ന എല്ലാവരും ആശങ്കപ്പെടേണ്ട സാഹചര്യമാണിത്.
ആള്‍ക്കൂട്ടം ഇന്ത്യയിലെ പൗരന്മാരെ വിചാരണ ചെയ്യുകയാണ്. ഇത് മറ്റെവിടെയാണ് നടക്കുക. നിയമം കയ്യിലെടുക്കുകയാണ് ഒരുകൂട്ടം. നിയമം പാലിക്കേണ്ട പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് ഇതൊക്കെ ചെയ്യുന്നത്. ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ. നാണിക്കേണ്ട സാഹചര്യമല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.
