Kottayam

പാലാ മിനിസ്ട്രി ഇന്റസ്ട്രിയാക്കാത്ത രൂപത: മാർ റാഫേൽ തട്ടിൽ

പാലാ: മിനിസ്ട്രിയെ ഇന്റസ്ട്രിയാക്കാത്ത അനന്യമായ വ്യക്തിത്വത്തിന്റെ ഉടമയമാണ് പാലാ രൂപതയെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകുകയായിരുന്നു മേജർ ആർച്ച്ബിഷപ്.
വിശ്വാസത്തിൽ കലർപ്പില്ലാതെ പാരമ്പര്യങ്ങൾ സൂക്ഷിക്കുന്ന പാലാ രൂപത മുമ്പേ പറക്കുന്ന പക്ഷിയാണ്. വിശ്വാസത്തിന്റെ തനിമയും മേന്മയുമുള്ള സ്ഥലമാണ് പാലാ. പാലായുടെ അടയാളനക്ഷത്രം ഒരിക്കലും വഴിതെറ്റിക്കില്ല. വിശുദ്ധിയുടെ മേന്മ സമ്മാനിക്കാൻ പാലായ്ക്ക് കഴിയുന്നു. പ്രേഷിതോന്മുഖതയുടെ ഇടമാണ് പാലായെന്നും മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.
……………

പാലാ മാതൃകാ രൂപതകളുടെ മുന്നിലുള്ള രൂപത : കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

പാലാ: പാലാ രൂപത മാതൃകാ രൂപതകളുടെ ഏറ്റവും മുന്നിലാണ് നിൽക്കുന്നെതെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. നേതൃത്വത്തിന്റെ ശക്തിയാണ് പാലായുടെ വളർച്ച. നേതൃത്വം പാളിപ്പോയാൽ സഭയും സമുദായവും പാളിപ്പോകും. പാലായുടെ നേതൃനിര ഏറെ ശ്രദ്ധേയമാണ്.
ഓരോ രൂപതയും പ്രാദേശിക സഭയാണ്. വിശുദ്ധിയും സാംസ്‌കാരിക പാരമ്പര്യങ്ങളും മൂല്യങ്ങളും ലോകത്തിന് സമ്മാനിക്കാൻ പാലായ്ക്ക് കഴിഞ്ഞത് വലിയ നേട്ടമാണ്. പൊതുരംഗത്ത് ഏറെ നേതാക്കളെ സമ്മാനിക്കാൻ പാലാ രൂപതയ്ക്ക് കഴിഞ്ഞതായും പേരുകൾ നിരത്തി മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

……..

പാലായുടെ മിഷനറിമാർ ലോകത്ത് അത്ഭുതം : കർദ്ദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ

പാലാ : പാലാ രൂപതയുടെ മിഷനറിമാർ ലോകത്തിന് വലിയ അത്ഭുതമാണെന്ന് സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിശുദ്ധ കുർബാനമധ്യേ സന്ദേശം നൽകുകയായിരുന്നു മാർ ക്ലീമിസ് കാതോലിക്കാ ബാവ. സുവിശേഷത്തിന് വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ അവർണ്ണനീയ ദാനങ്ങളുടെ ജൂബിലിയാണ് പാലാ ആഘോഷിക്കുന്നത്. ഭാരതസഭയ്ക്ക് അഭിമാനമാണ് പാലാ രൂപതയെന്നും മാർ ക്ലീമിസ് പറഞ്ഞു.

…………………

പാലാ മാർത്തോമ്മാ മാർഗ്ഗത്തിന്റെ സംരക്ഷകർ: ശ്രേഷ്ഠ ബാവ

പാലാ: മാർത്തോമ്മാ മാർഗ്ഗത്തിന്റെ സംരക്ഷകരാണ് പാലാ രൂപതയെന്ന് യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് മാർ ജോസഫ് ശ്രേഷ്ഠബാവ പറഞ്ഞു. ഉറവിടങ്ങളിലേക്കുള്ള മടക്കം അതിരറ്റ അഭിനിവേശത്തോടെ സ്വീകരിക്കുന്നവാണ് പാലാക്കാർ. സീറോമലബാർ സഭയുടെ ശബ്ദമാകാൻ പാലാ രൂപതയ്ക്ക് കഴിഞ്ഞു. അനുരജ്്ജനങ്ങൾ കാലഘട്ടം ആവശ്യപ്പെടുന്നതായും നമ്മെത്തന്നെ ദൈവത്തിനും സഭയ്ക്കും വിട്ടുകൊടുക്കാൻ എല്ലാവരും തയ്യാറാകണമെന്നും ശ്രേഷ്ഠബാവ പറഞ്ഞു.
………….

പാലായുടെ സംഭാവനകളേയും നേതൃത്വത്തേയും
പ്രശംസിച്ച് ആത്മീയ രാഷ്ട്രീയ നേതൃത്വം

പാലാ : സഭയിലും സമുദായത്തിലും സമൂഹത്തിലും പാലാ രൂപത നൽകുന്ന നേതൃത്വത്തെ പ്രശംസിച്ച് അത്മായ, രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും. മാർത്തോമ്മാ മാർഗ്ഗത്തെ കൈവിടാതെ തലമുറകളിലേക്ക് കൈമാറുന്ന വിശ്വാസപാരമ്പര്യത്തെ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനത്തിലെത്തിയവരെല്ലാം പ്രശംസിച്ചു. പാലാ രൂപത സാമൂഹിക പ്രതിബദ്ധതയോടെ നടപ്പിലാക്കുന്ന പാലാ ഹോംസും വിദ്യാഭ്യാസമേഖലയിലെ സേവനവും ഏറെ പ്രശംസിക്കപ്പെട്ടു.
ആതുരസേവന മേഖലയിൽ നടത്തുന്ന ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലൂടെ നൽകുന്ന പ്രവർത്തനങ്ങളെ പലരും ആവർത്തിച്ച് അഭിനന്ദിച്ചു.
ഉദ്ഘാടകനായെത്തിയ സീറോ മലബാർ സഭാതലവൻ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തെ പ്രത്യേകം അഭിനന്ദിച്ചു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി രൂപതയുടെ പ്രഥമ മെത്രാൻ മൂന്ന് പതിറ്റാണ്ട് സേവനം സമ്മാനിച്ച് മാർ സെബാസ്റ്റ്യൻ വയലിൽ, തുടർന്ന് 22 വർഷം സേവനത്തിൽ സജീവമായിരുന്ന മാർ ജോസഫ് പള്ളിക്കാപറമ്പിൽ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നേതൃത്വം നൽകുന്ന മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവരുടെ ശുശ്രൂഷകളെ പ്രത്യേകം അഭിനന്ദിച്ചു.
സീറോ മലങ്കര സഭ, യാക്കോബായ സഭ, മലബാർ സ്വതന്ത്രസുറിയാനി സഭ, കൽദായ സുറിയാനി സഭ, ക്‌നാനായ യാക്കോബായ സഭ, വിവിധ രൂപതാധ്യക്ഷന്മാർ, മന്ത്രി റോഷി അഗസ്റ്റിൻ, എംഎൽഎമാർ എന്നിവരും പാലാ രൂപതയുടെ സംഭാവനകളേയും പ്രത്യേകിച്ച് രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തേയും ഏറെ ആദരവോടെ അഭിനന്ദനമറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top