
പാലാ: കടനാട് : വീടിനു ഭീഷണിയായി നിലനിന്നിരുന്ന കൂറ്റൽ മതിൽക്കെട്ട് തകർന്നു വീണു ; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്.
കടനാട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വട്ടക്കാനായിൽ പങ്കജാക്ഷക്കുറുപ്പിൻ്റെ വീടിനു പിന്നിലെ ഇരുപത് അടിയിലേറെ ഉയരമുള്ള കൂറ്റൻ മതിൽക്കെട്ടാണ് ഇടിഞ്ഞു വീണത്. ഇന്നലെ(ചൊവ്വാ ) ഉച്ചകഴിഞ്ഞ് 1.15 നാണ് സംഭവം. ഈ സമയം പങ്കജാക്ഷക്കുറുപ്പും മകൻ്റെ ഭാര്യയും രണ്ടു കുട്ടികളുമാണ് ഉണ്ടായിരുന്നത്. വലിയ ശബ്ദത്തോടെ പതിച്ച അപകടത്തിൽ നിന്ന് മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഈ സമയം മഴ ഉണ്ടായിരുന്നില്ല.

വിവരമറിഞ്ഞ് വാർഡ് മെബർ ഉഷാ രാജു സ്ഥലത്തെത്തി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വീട് അപകട നിലയിലായതിനാൽ കുടുംബാഗങ്ങളെ മറ്റൊരു വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു. വീട്ടുപകരണങ്ങളും മാറ്റിയിട്ടുണ്ട്. മേലുകാവ് പോലീസും സ്ഥലത്തെത്തിയിരുന്നു. സമീപത്തെ കൽക്കെട്ട് അപകട ഭീഷണി ഉയർത്തുന്നതായി കാണിച്ച് 2016 മുതൽ വീട്ടുടമ പങ്കജാക്ഷ ക്കുറുപ്പ് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നല്കിയിരുന്നു. അഞ്ചു തവണ അദാലത്തിൽ പരാതി എടുത്തിരുന്നെങ്കിലും എതിർ കക്ഷി ഹാജരാകാത്തതിനാൽ നടപടി ഉണ്ടായില്ല.