പാലാ: തൊടുപുഴ പാലാ ഹൈവേയില്‍ പയപ്പാര്‍ ജങ്ഷനില്‍ ഉപയോഗശൂന്യമായ വൈയിറ്റിങ് ഷെഡ് കാട് മൂടി മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രമായി മാറുന്നു. ലോഡ് കണക്കിന് മാലിന്യങ്ങളാണ് ഇവിടെ തള്ളിയിരിക്കുന്നത്.

പാലാ തൊടുപുഴ റോഡിന് വീതി കൂട്ടി ഉയര്‍ത്തിയപ്പോള്‍ റോഡില്‍നിന്ന് വെയിറ്റിങ്‌ഷെഡ് ഒന്നരയടിയോളം താഴുകയും പിന്നീട് ബസ് സ്റ്റോപ്പ് ഇവിടെ നിന്ന് ഏകദേശം 50 മീറ്ററോളം മാറ്റുകയും ചെയ്തു. ഇതിനേത്തുടര്‍ന്നാണ് ഇവിടം മാലിന്യക്കൂമ്പാരവും തെരുവു നായ്ക്കളുടെ വിഹാരകേന്ദ്രവുമായിത്തീര്‍ന്നത്. ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ഹൈവേയുടെ വശത്തുള്ള ഈ വെയിറ്റിങ് ഷെഡ് പൊതുജനങ്ങള്‍ക്ക് ഭീഷണിയാണ്.
പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാത്തുനില്‍ക്കാതെ ഇവിടം വ്യത്തിയാക്കി പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ മാറ്റിയെടുക്കണമെന്ന് ആം ആദ്മി പാര്‍ട്ടി പാലാ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
