
പാലാ:കൊല്ലപ്പള്ളി: റോഡിലെ കുഴിയിൽ വീണ ഓട്ടോയിൽ നിന്നും തെറിച്ച് ഡ്രൈവർ റോഡിൽ വീണു. നിയന്ത്രണം വിട്ട് 20 മീറ്ററോളം തനിയെ ഓടിയ ഓട്ടോറിക്ഷ വീടിൻ്റെ മതിലും ഗെയിറ്റും തകർത്തു.
കൊല്ലപ്പള്ളി – മേലുകാവ് റോഡിൽ കടനാട് പുളിഞ്ചുവട് കവലക്കു സമീപം ചൊവ്വാഴ്ച രാത്രി ഒൻപതിനായിരുന്നു അപകടം. പാലാ സ്വദേശികൾ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. കൊരട്ടിയിൽ ബേബിയുടെ വീടിൻ്റെ ഗെയിറ്റാണ് തകർന്നത്. ഓട്ടോയിൽ യാത്രക്കാരനായി ഒരാൾ കൂടി ഉണ്ടായിരുന്നു. ഇരുവരും നിസാര പരിക്കുകളോടെ രക്ഷപെട്ടു.
ഈ റോഡിൽ ഇത്തരം ചതിക്കുഴികൾ ഏറെയാണ്. ഈ കുഴിയിൽ വീണ് മറ്റൊരു കാർ ഏതാനും ദിവസം മുമ്പ് അപകടത്തിൽപ്പെട്ടിരുന്നു.

വാളികുളം, താബോർ ജംഗ്ഷൻ, എലിവാലി പള്ളിഭാഗം, കുറുമണ്ണ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇത്തരം ചതിക്കുഴികൾ രൂപാന്തരപ്പെട്ടിട്ടുണ്ട്. വളരെ ആഴമുള്ള ഈ കുഴികളിൽ മഴക്കാലമായതിനാൽ വെള്ളം കെട്ടി കിടക്കുകയാണ്. ഓരോ ദിവസവും കുഴികളുടെ ആഴം കൂടിക്കൊണ്ടിരിക്കുന്നു. വാഹനങ്ങൾ കുഴികളിൽ വീഴുമ്പോഴാണ് കുഴിയുടെ ആഴവും വ്യാപ്തിയും ഡ്രൈവർമാർക്ക് വ്യക്തമാകുകയുള്ളു. പലപ്പോഴും രാത്രികാലങ്ങളിലാണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്. അടിയന്തരമായി ഈ അഗാഥ ഗർദ്ദങ്ങൾ നന്നാക്കി അപകടം ഒഴിവാക്കണമെന്ന് നാട്ടുകാരുടെ ആവശ്യം
മലബാർ ഭാഗത്ത് റോഡിൽ കുഴികൾ കണ്ടാൽ മരാമത്ത് മന്ത്രിയുടെ പേരിടുന്നത് ഫാഷനായിരുന്നു.അങ്ങനെ ഹംസ കുഴികളും (കുണ്ട് ) ബാവ കുഴികളും ( കുണ്ട് ) മലബാർ ഭാഗത്ത് ഉണ്ടായിരുന്നു. ഇപ്പോളത് റിയാസ് കുഴികളായി മാറി: കടനാട്ടിൽ റിയാസ് കുഴികൾ ഇപ്പോഴും സജീവമായി നില നിൽക്കുന്നതായാണ് നാട്ടുകാർ പറയുന്നത്